കായംകുളം: കഴിഞ്ഞ അഞ്ചുവർഷക്കാലം കായംകുളത്ത് തുല്യനീതി ഉറപ്പാക്കി അഭിമാനകരമായ വികസന മുന്നേറ്റം സൃഷ്ടിച്ചതായി നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു.
ജനങ്ങൾ വിശ്വസിച്ച് ഏൽപിച്ച ഉത്തരവാദിത്വം സത്യസന്ധമായി നടപ്പിലാക്കി. നഗരവാസികളോട് നീതി പുലർത്താൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും ചെയർമാൻ പറഞ്ഞു. വിവാദങ്ങളും പുകമറകളും സൃഷ്ടിച്ച് വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചതിനാലാണ് മൾട്ടിപ്ലക്‌സ് തീയേറ്റർ നിർമ്മാണം, സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥലം സൗജന്യമായി ലഭ്യമാക്കിയത് ഉൾപ്പടെയുള്ള വൻ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞത്.
1000 വീടുകൾ കാലയളവിൽ പൂർത്തീകരിച്ചു. വികസന പദ്ധതികൾ നടപ്പാക്കാൻ നേതൃത്വം നൽകാൻ സ്ഥിരതയുള്ള ഭരണത്തിനേ കഴിയുകയുള്ളുവെന്ന് തെളിയിച്ചു. പ്രളയ ദുരന്തം, കൊവിഡ് രോഗവ്യാപന ഭീതികൾ എന്നിവ ഉണ്ടായിട്ടും വികസന പദ്ധതികൾ മുടക്കമില്ലാതെ നടന്നു. സഞ്ചാരയോഗ്യമായ റോഡുകൾ, വഴിവിളക്കുകൾ എന്നിവ നഗരത്തിന്റെ മുഖച്ഛായ മാറ്റി.
പദ്ധതികൾ, നേട്ടങ്ങൾ
1. സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് 65 സെന്റ് സ്ഥലം സൗജന്യമായി ലഭ്യമാക്കി
2. മൾട്ടിപ്ലക്‌സ് തിയേറ്റർ നിർമ്മാണം ആരംഭിച്ചു.
3. വീടില്ലാത്ത 932 പേർക്ക് സൗജന്യമായി വീടു നൽകി
4. 3006 പേർക്ക് ജോലി നൽകുന്ന നഗരതൊഴിലുറപ്പ് പദ്ധതി നടപ്പാക്കി
5. മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കി
6. ചാലാപ്പള്ളി പാലം നിർമ്മാണം ആരംഭിച്ചു.
7. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങി
8. വികസന മാസ്റ്റർ പ്ലാനിന് അംഗീകാരം വാങ്ങി
9. സസ്യമാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ് പണി പൂർത്തീകരിച്ചു
10. വൃത്തിയും ഭംഗിയുമുള്ള പട്ടണമാക്കിയതിലൂടെ സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി നേടി
11. നഗരസഭ ഓഫീസ് കമ്പ്യൂട്ടറൈസേഷൻ പദ്ധതി, ഇ - ഫയലിംഗ് സമ്പ്രദായം നടപ്പിലാക്കി
12. ആധുനിക അറവുശാല, ക്രിമറ്റോറിയം പദ്ധതിക്ക് അനുമതി
13. പദ്ധതി പണം ചെലവഴിക്കലിൽ ജില്ലയിൽ ഒന്നാം സ്ഥാനം
14. വൃദ്ധർക്കും വികലാംഗർക്കും സഹായകമായി നഗരസഭാ ഓഫീസിൽ ലിഫ്റ്റ്