ആലപ്പുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആംഗ്യ ഭാഷയിൽ നിയമബോധം നൽകുന്ന വീഡിയോ പരമ്പരയായ ലീഡിന്റെ പ്രകാശനം ഓൺലൈനായി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ ചെയർമാനും പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എ.ബദറുദ്ദീൻ നിർവഹിച്ചു.

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടി മെമ്പർ സെക്രട്ടറിയും ഡിസ്ട്രിക്ട് ജഡ്ജിയുമായ കെ.ടി.നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് ടി.സജി, എം.കെ.സജിമോൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ നിയമ സേവന അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.ജി.ഉണ്ണിക്കൃഷ്ണൻ സ്വാഗതവും അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജുമായ പി.എസ്.ശശികുമാർ നന്ദിയും പറഞ്ഞു.