തദ്ദേശസ്ഥാപനങ്ങളിൽ ഇന്നുമുതൽ ഉദ്യോഗസ്ഥ ഭരണം
ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഉദ്യോഗസ്ഥ ഭരണം ഇന്നു നിലവിൽ വരും. മൂന്ന് സർക്കാർ ഉദ്യോഗസ്ഥരടങ്ങുന്ന ഭരണനിർവഹണ സമിതിക്കാണ് അധികാര ചുമതല.
പുതിയ ഭരണസമിതി നിലവിൽ വരുന്നതു വരെ ഉദ്യോഗസ്ഥ ഭരണം തുടരും. ദൈനംദിന പ്രവർത്തനങ്ങൾ നടത്താനല്ലാതെ നയപരമായ തീരുമാനങ്ങളെടുക്കാൻ സമിതിക്ക് അധികാരമുണ്ടാവില്ല. നിലവിലെ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ട് കൊണ്ടു പോകണം. ഡിസംബർ 8, 10, 14 തീയതികളിലാണ് സംസ്ഥാനത്ത് മൂന്ന് ഘട്ടമായുള്ള തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ തന്നെ ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകും. ക്രിസ്മസിന് മുമ്പ് പുതിയ ഭരണസമിതി അധികാരമേൽക്കും എന്നാണ് കണക്കു കൂട്ടൽ. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളെയൊന്നും ഭരണ സമിതിയുടെ മാറ്റം ബാധിക്കില്ല. പുതിയ കരാറുകളോ, ടെണ്ടറുകളോ സാദ്ധ്യമല്ലെന്നതൊഴിച്ചാൽ നിലവിലെ റോഡ് നിർമാണങ്ങളടക്കം എല്ലാ ജോലികളും തടസമില്ലാതെ തുടരും.
ജില്ലയിൽ
ഗ്രാമപഞ്ചായത്തുകൾ - 72
ബ്ലോക്ക് പഞ്ചായത്തുകൾ - 12
ജില്ലാ പഞ്ചായത്ത് - 1
നഗരസഭകൾ - 6
ചുമതല
ജില്ലാ പഞ്ചായത്ത് - കളക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ദാരിദ്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ
ബ്ലോക്ക് പഞ്ചായത്ത് - സെക്രട്ടറി, അസി.എക്സിക്യുട്ടിവ് എൻജിനിയർ, കൃഷി ഓഫീസർ
ഗ്രാമ പഞ്ചായത്ത് - സെക്രട്ടറി, അസി. എൻജിനിയർ, കൃഷി ഓഫീസർ
നഗരസഭ - മുനിസിപ്പൽ സെക്രട്ടറി, എൻജിനിയർ, സംയോജിത ശിശു വികസന പദ്ധതിയുടെ ചുമതലയുള്ള ഓഫീസർ