തുറവൂർ: പൊലീസുകാരന്റെ ഇടിയെന്ന് കേട്ടിട്ടില്ലേ. ഇടിയെന്നാൽ ഇവിടെ പഴയ ഇടിയല്ല. പുത്തൻ ഇടി അഥവാ പഞ്ച്. ഫുൾ സ്ട്രെച്ച് പഞ്ചിലൂടെ ലോകറെക്കാഡ് നേട്ടം കൈവരിച്ച ഒരു പൊലീസുകാരനാണ് ഇവിടെ താരം.
മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എ.പ്രവീൺ കുമാർ (34) ഒരു മിനുട്ടിൽ 366 പഞ്ചുകൾ ചെയ്താണ് നോബേൽ വേൾഡ് റെക്കാഡിൽ ഇടംപിടിച്ചത്. സ്ട്രെയിറ്റ് പഞ്ചിൽ നിലവിലെ റെക്കാഡ് 322 എണ്ണമാണ്. അത് ചെക്കോസ്ളോവ്യക്കാരനായ ഒരു ബോക്സറുടെ പേരിലാണ്. ഇതാണ് പ്രവീൺ മറികടന്നത്. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നോബേൽ ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സിന്റെ ആസ്ഥാനം മൗറീഷ്യസാണ്. ഇന്ത്യയിൽ തമിഴ്നാട്ടിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഗിന്നസ് ബുക്കിന് ശേഷമുള്ള വേൾഡ് റെക്കാഡ് ബുക്കുകളിൽ മുൻനിരയിലാണ് നോബേൽ വേൾഡ് റെക്കാഡ് ബുക്കിന്റെ സ്ഥാനമെന്ന് പ്രവീൺകുമാർ പറയുന്നു. പ്രകടനത്തിന്റെ വീഡിയോ റെക്കാഡ് ചെയ്ത് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അത് പരിശോധിച്ച ശേഷം അംഗീകാരം നൽകുകയായിരുന്നു.
കഴിഞ്ഞ 10 വർഷമായി അർത്തുങ്കലിലെ സാബു ഗുരുക്കളുടെ കീഴിൽ മർമ്മ കല (അടിമുറ) പരിശീലനം നടത്തുന്ന പ്രവീൺ, കരാട്ടെയിൽ മൂന്നാം ഡിഗ്രി ബ്ലാക് ബെൽറ്റ് നേടിയിട്ടുണ്ട്. തുറവൂർ പഞ്ചായത്ത് ആറാം വാർഡ് വളമംഗലം വടക്ക് കലിയത്ത് വീട്ടിൽ പരേതനായ നീലാംബരന്റെയും സുലോചനയുടെയും മകനാണ്. സുനിമോളാണ് ഭാര്യ. ഏകമകൾ: പാർവണ.
..........................
ആയോധന കലയിൽ ചെറുപ്പം മുതലേ താത്പര്യമുണ്ടായിരുന്നു. ലോക്ക്ഡൗൺ കാലത്ത് ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നു. ആ സമയത്താണ് റെക്കാഡുകളെക്കുറിച്ച് അറിഞ്ഞത്. ഇനിയും ഇത്തരം പ്രകടനങ്ങൾ നടത്തണമെന്നാണ് ആഗ്രഹം. ഗിന്നസ് ബുക്കിലേക്ക് പ്രകടനത്തിന്റെ വീഡിയോ അയച്ചിട്ടുണ്ട്.
എ.പ്രവീൺ കുമാർ
..................