ബി.ഡി.ജെ.എസ് നാല് സീറ്റിൽ
ആലപ്പുഴ: ജില്ലാ പഞ്ചായത്തിലേക്കുള്ള എൻ.ഡി.എയുടെ സീറ്റ് വിഭജനം ഏറെക്കുറെ പൂർത്തിയായി.ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാവും.ബി.ജെ.പി 19 സീറ്റിലും ബി.ഡി.ജെ.എസ് നാല് സീറ്രിലും മത്സരിക്കുമെന്ന നിലയിലാണ് ചർച്ചകൾ എത്തി നിൽക്കുന്നത്. ഒരു സീറ്റ് കൂടി തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ് . ബി.ജെ.പി നേതൃത്വം ഇക്കാര്യത്തിൽ അനുകൂലിച്ചോ, പ്രതികൂലിച്ചോ അഭിപ്രായം പറഞ്ഞിട്ടില്ല. കൃഷ്ണപുരം, പുന്നപ്ര, ചമ്പക്കുളം, അരൂർ ഡിവിഷനുകളിൽ ബി.ഡി.ജെ.എസ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
എന്നാൽ യു.ഡി.എഫിന്റെ സീറ്റ് വിഭജനം ഇന്നലെയും പൂർത്തിയായില്ല. ഘടക കക്ഷികളുമായി ധാരണയിലെത്തിയെങ്കിലും സ്ഥാനാർത്ഥികളടക്കം കോൺഗ്രസിലെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ചർച്ചകൾ തീരാത്തതാണ് കാരണം. കെ.സി .വേണുഗോപാലിന്റെ മാതാവിന്റെ നിര്യാണത്തെ തുടർന്ന് നേതാക്കളിൽ പലർക്കും കണ്ണൂരിലേക്ക് പോകേണ്ടിവന്നതും മറ്റൊരു കാരണമായി. ഇന്നത്തോടെ ചർച്ചകൾ പൂർത്തിയാക്കി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. ആലപ്പുഴ നഗരസഭയിലെ സീറ്റുകൾ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. സി.പി.എം സ്ഥാനാർത്ഥികളെക്കുറിച്ച് വാർഡുതലത്തിൽ അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.