 വാഹന ഉടമയെ കണ്ടെത്തി  വാഹനം ഉപയോഗിക്കുന്നത് ബന്ധുവെന്ന് മൊഴി

ചേർത്തല : വാദ്യമേളസംഘത്തിന്റെ ബോർഡ് വച്ച വാഹനത്തിൽ കടത്തുകയായിരുന്ന 1750 ലീ​റ്റർ സ്പിരി​റ്റ് പിടികൂടിയ സംഭവത്തിൽ പ്രതികൾക്കായി എക്‌സൈസ് അന്വേഷണം തുടരുന്നു. ആലപ്പുഴ അസി.കമ്മീഷണർ എം.എൻ. ശിവപ്രസാദിനാണ് അന്വേഷണച്ചുമതല. ഇന്നലെ വാഹന ഉടമ തിരുവനന്തപുരം വെള്ളറട സ്വദേശിരാധാകൃഷ്ണനെ വീട്ടിലെത്തി ചോദ്യം ചെയ്തു. ഇയാളുടെ ബന്ധുവാണ് വാഹനം ഉപയോഗിച്ചിരുന്നതെന്നും ഇയാൾ വാഹനം വാടകയ്ക്കു കൊടുക്കാറുണ്ടെന്നും മൊഴി നൽകി. എന്നാൽ ബന്ധുവിനെ കണ്ടെത്താനോ, ഫോണിൽ ബന്ധപ്പെടാനോ എക്‌സൈസിന് കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്തിയാൽ മാത്രമേ വാഹനത്തിൽ എങ്ങനെ സ്പിരി​റ്റ് വന്നെന്നു മനസിലാകുകയുള്ളു. ഫോൺ ടവർ ലൊക്കേഷൻകേന്ദ്രീകരിച്ചു അന്വേഷണം തുടരുകയാണ്. നിലവിൽ ആരെയും അറസ്​റ്റു ചെയ്തിട്ടില്ല.

ദേശീയപാതയിൽ ചേർത്തല റെയിൽവെസ്​റ്റേഷനു സമീപം ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് സ്പിരി​റ്റ് പിടികൂടിയത്.

ഡെപ്യുട്ടി കമ്മീഷണർ എൻ.അനിൽകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചേർത്തല റെയിൽവെ സ്​റ്റേഷൻ ഭാഗത്ത് ആലപ്പുഴ സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ടെമ്പോ ട്രാവലറിന്റെ സീറ്റുകൾക്ക് അടിയിലും ഡിക്കിയിൽ നിന്നുമായി, 35 ലിറ്ററിന്റെ 50 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് പിടികൂടിയത്.