rethnamma

മുതുകുളം: അർബുദ ബാധയെത്തുടർന്ന് സർജറി​ നടത്തി​യെങ്കി​ലും രത്നമ്മ വേദന കൊണ്ടുപുളയുകയാണ്. സ്തനാർബുദത്തെത്തുടർന്ന് വലത്തേ മാറിടം നീക്കം ചെയ്തതി​ന്റെ മുറി​വ് ഉണങ്ങാത്തതാണ് പ്രശ്നം. മാത്രമല്ല വലത്തേ മാറിട​ത്തി​ലും ഇപ്പോൾ രോഗബാധയുണ്ട്.

ചിങ്ങോലി ആയിക്കാട് ബിനുഭവനത്തിൽ രത്‌നമ്മ(66)യാണ് തുടർചികിത്സയ്ക്ക്​ വഴി​യി​ല്ലാതെ വലയുന്നത്.

പത്തു മാസം മുൻപാണ് രത്‌നമ്മയുടെ വലത്തേ മാറിടത്തിന്റെ ഭാഗത്ത് ചെറിയ മുഴ പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അർബുദമാണെന്ന് സ്ഥി​രീകരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം ആർ.സി.സിയിലുമായിരുന്നു ചികിത്സ. കൊവിഡ് നിയന്ത്രണങ്ങൾ കാരണം ആർ.സി.സി.യിലേക്ക് പോകാൻ കഴിയാതെ വന്നതോടെ വീണ്ടും വണ്ടാനം മെഡിക്കൽ കോളേജിലായി ചികിത്സ. രോഗം മൂർച്ഛിച്ചതോടെ വലത്തേ മാറിടം നീക്കം ചെയ്തു. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് മുറിവ് ഉണങ്ങാത്തതിനാൽ കടുത്ത വേദന അനുഭവിക്കുകയാണിവർ. ഇപ്പോൾ ഇടത്തേ മാറിടത്തിലും അർബുദം പിടിപെട്ടിരിക്കുകയാണ് . ഇതുവരെ നടത്തിയ ചികിത്സയിൽ തന്നെ ഒരു ലക്ഷം രൂപയിലധികം കടമായി. തുടർചികിത്സക്കായി ആശുപത്രിയിൽ പോകാനോ മരുന്നു വാങ്ങാനോ കഴിയാത്ത സ്ഥിതി ആണ് . കീമോ തെറാപ്പിയുൾപ്പെടെയുളള ചികിത്സ ഇനിയും ചെയ്യേണ്ടതായിട്ടുണ്ട്.

രോഗീ പരിചരണത്തിനും മറ്റും പോയാണ് ഇവർ ജീവിതം പുലർത്തിവന്നിരുന്നത്. അസുഖം പിടിപെട്ടതിൽപിന്നെ ജോലിക്ക് പോകാൻ കഴിയാതായി. ഇപ്പോൾ വരുമാനമൊന്നുമി​ല്ല. ഭർത്താവ് ബാലൻ 37 വർഷം മുൻപ് മരിച്ചു. രണ്ടു പെൺ​മക്കളെ വി​വാഹം ചെയ്തയച്ചു. മകൻ ബിനുവിന് ഫർണീച്ചർ ജോലി​യായി​രുന്നു. ഇപ്പോൾ ജോലി​യി​ല്ലാത്ത അവസ്ഥയാണ്. രത്മമ്മയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കാർത്തികപ്പളളി ശാഖയിൽ 0551053000010927 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നി​ട്ടുണ്ട്. ഫോൺ​: 9526494925.