ambala

അമ്പലപ്പുഴ: തകഴി നിവാസികളുടെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമെന്നോണം, കരുമാടിയിൽ സ്ഥാപിച്ച 4.30 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക് വെറുതെയായി.

2018 ലാണ് ടാങ്ക് നിർമ്മിച്ചത്. അമ്പലപ്പുഴ മണ്ഡലത്തിലെയും ആലപ്പുഴ നഗരസഭ പരിധിയിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ പ്ലാന്റ് നിലനിൽക്കുന്ന തകഴി ഗ്രാമ പഞ്ചായത്തിനെ ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നിന്ന് ഒഴിവാക്കി. കരുമാടിക്കുട്ടൻസ്, ടാഗോർ കലാകേന്ദ്രം തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്തിയതിനെത്തുടർന്ന് തകഴി പഞ്ചായത്തിനെ കുട്ടനാട് ശുദ്ധജല വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി. തുടർന്നാണ് കുടിവെള്ള പദ്ധതി പ്ലാന്റിനോട് ചേർന്ന് തകഴിക്കായി മറ്റൊരു ടാങ്ക് നിർമിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ടാങ്ക് പ്രവർത്തന സജ്ജമാകാത്തത് പ്രതിഷേധാർഹമാണെന്ന് ടാഗോർ കലാകേന്ദ്രം സെക്രട്ടറി എസ്. മതികുമാർ പറഞ്ഞു.

പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള യുഡിസ്മാറ്റിന്റെ അനാസ്ഥ അവസാനിപ്പിച്ച് തകഴിയിൽ കുടിവെള്ള വിതരണം ആരംഭിക്കാൻ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പദ്ധതി കമ്മിഷൻ ചെയ്യാത്തതിന്റെ കാരണം കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കോടികൾ ചെലവഴിച്ചിട്ടും കുടിവെള്ള വിതരണ പദ്ധതിയുടെ പ്രയോജനം കിട്ടാത്തതിനാൽ വീണ്ടും സമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് സംഘടനകൾ.