tv-r

അരൂർ: വില്പനക്കായി മിനിലോറിയിൽ കൊണ്ടുവന്ന 7.5 ലിറ്റർ മദ്യവും 2 ലിറ്റർ വാറ്റുചാരായവുമായി ഒരാൾ വാഹനപരിശോധനക്കിടെ പിടിയിലായി. എറണാകുളം കടവന്ത്ര ഗാന്ധിനഗർ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന, കോഴിക്കോട് കൊയിലാണ്ടി നടവണ്ണൂർ മൊട്ടൻ തറോൽ വീട്ടിൽ അഷ്റഫിനെയാണ് (46) കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.എസ്.സുജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അര ലിറ്ററിന്റെ 15 മദ്യകുപ്പികളും 2 കുപ്പി വാറ്റു ചാരായവുമാണ് വാഹനത്തിൽ ഒളിപ്പിച്ചിരുന്നത്. മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. പഴവർഗങ്ങളുടെ വില്പനയുടെ മറവിൽ പുതുച്ചേരിയിൽ നിന്നുള്ള മദ്യവും ചാരായവും അരൂർ ,എരമല്ലൂർ ഭാഗങ്ങളിൽ വിൽപ്പന നടത്താറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് നാളുകളായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ദേശീയ പാതയിൽ അരൂർ പള്ളി സിഗ്നലിൽ ചൊവ്വാഴ്ച രാത്രി 11.30 ന് നടത്തിയ പരിശോധനയിലാണ് അഷ്റഫ് കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ അനിമോൻ ആന്റണി, പി.എം.സുമേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ സുധികുമാർ,സന്തോഷ്, പി.പ്രവീൺ,സാജൻ ജോസഫ്,പ്രവീൺകുമാർ, വി.കെ.വിപിൻ, എ.പി.അരുൺ, സി.സി.ശ്രീജിത്ത്,അൻഷാദ്, ഡ്രൈവർ വിപിനചന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.