s

മതിലുകളിൽ ബഹുവർണ ചുവരെഴുത്ത് സജീവം

ആലപ്പുഴ: സ്ഥാനാർത്ഥി നിർണയം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ചുവരെഴുത്ത് സജീവമാക്കിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. നാട്, നഗര ഭേദമില്ലാതെ പായൽ പിടിച്ച്, കരിമ്പനടിച്ചു കിടന്നിരുന്ന മതിലുകൾ പലതും ബഹുവർണ മുഖച്ഛായയിൽ തിളങ്ങുകയാണ്. ഓരോ മതിലും കാണുമ്പോഴറിയാം ആ വീട്ടിലെ വോട്ട് ആർക്കാണ് വീഴാൻ പോകുന്നതെന്ന്. അതുകൊണ്ടുതന്നെ മതിലിലെ 'രാഷ്‌ട്രീയം' നിരീക്ഷിച്ച ശേഷമാവും സ്ഥാനാർത്ഥികൾ വോട്ടുപിടിക്കാൻ ഗേറ്റു കടക്കുക.

കൊവിഡ് മൂലം പെയിന്റുണങ്ങി, ബ്രഷുകൾ ചിതലെടുത്ത് ജീവിതത്തിന്റെ നിറം മങ്ങിയ കലാകാരൻമാർക്ക് കടക്കെണിയിൽ നിന്നും മറ്റും പിടിച്ചു കയറാനുള്ള ഒരു സുവർണ്ണാവസരം തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പ്. പല സ്ഥലങ്ങളിലും സ്ഥാനാർത്ഥി നിർണയം വൈകുന്നത് എഴുത്തുകാർക്ക് തിരച്ചടിയാകുന്നുണ്ട്. ഒന്നിച്ച് ബുക്കിംഗ് വന്നാൽ പലതും ഉപേക്ഷിക്കേണ്ടി വരും. കൊവിഡ് തൊഴിൽ മുടക്കിയിട്ടു മാസങ്ങളായി. പാർലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകളേക്കാൾ ചുവരെഴുത്ത് കലാകാരൻമാർക്ക് കൂടുതൽ അവസരം ലഭിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിലാണ്.

പ്രമുഖ പാർട്ടികളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നുണ്ടെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് വേണ്ടി എഴുത്ത് ആരംഭിച്ചിട്ടുണ്ട്.

മുന്നണികളുടെ പ്രഖ്യാപനം പൂർത്തിയായാൽ തിരക്ക് കൂടുമെന്നാണ് തൊഴിലാളികൾ പറയുന്നത്. പ്രചാരണ പ്രവർത്തനങ്ങളിൽ സാമ്പത്തിക ഞെരുക്കം പ്രകടമായ സാഹചര്യത്തിൽ ഇക്കുറി വേതന നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥികളുമായുള്ള വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വേതനം നിശ്ചയിക്കുന്നത്. കാശുള്ള സ്ഥാനാർത്ഥിയാണെങ്കിൽ മിനിമം കൂലി ചോദിച്ചുതന്നെ വാങ്ങും. ചിഹ്നം വരച്ച് ചുവരെഴുതാൻ ദിവസ വേതനം 2000 രൂപയാണ്. കൂടുതൽ തുക വാങ്ങുന്നവരുമുണ്ട്. ചതുരശ്ര അടിക്ക് 80 രൂപയാണ് നിരക്ക്.

വെയിലാണ് വില്ലൻ

രാവിലെ 7 മുതൽ ചുവരെഴുത്ത് സജീവമാകും. വെയിലിന്റെ കാഠിന്യം കൂടുന്ന ഉച്ചയ്ക്ക് 12 മുതൽ 2 വരെ വിശ്രമം. തേച്ച മതിലാണെങ്കിൽ ദിവസം 15 മതിലുകളിൽ വരെ എഴുതാം. ഹോളോ ബ്രിക്സിൽ എഴുത്ത് പ്രയാസകരമാണ്. മുമ്പ് കളർ പൊടിയിൽ ഫെവികോൾ കലക്കിയാണ് എഴുതിയിരുന്നത്. മഴയത്ത് എഴുത്ത് ഒലിച്ച് പോകാൻ സാദ്ധ്യതയേറെയാണ്. ഇപ്പോൾ വീടിന് അടിക്കുന്ന എമൾഷനാണ് ഉപയോഗിക്കുന്നത്.

'ഇ' മതിൽ നിയുന്നു

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ 'ഫെയ്സ്ബുക്ക് ചുവരി'ൽ എഴുത്ത് സജീവമാണ്. എങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊരു 'ഗുമ്മ് ' കിട്ടണമെങ്കിൽ വഴിയോര മതിലുകളിലൊക്കെ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും വേണം.

എഴുതി കുഴയും!

ഗ്രാമം, ബ്ളോക്ക്, നഗരം, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലായി 1565 വാർഡ്/ ഡിവിഷനുകളാണുള്ളത്. ഗ്രാമീണ മേഖലകളിലെ എഴുത്തുകാർക്കാണ് ചാകര. 1350 വാർഡുകളാണ് ഗ്രാമ, ബ്ളോക്ക്, ജില്ല പഞ്ചായത്ത് വിഭാഗങ്ങളിലുള്ളത്. ഗ്രാമ പഞ്ചായത്ത് വാർഡിലുള്ളവർ മൂന്നു സ്ഥാനാർത്ഥികൾക്കാണ് വോട്ട് ചെയ്യേണ്ടത്. മിനിമം 3 സ്ഥാനാർത്ഥികൾ എന്നു കണക്കാക്കിയാൽ 4050 സ്ഥാനാർത്ഥികൾക്കു വേണ്ടി ചുവരെഴുതണം. അഞ്ചു നഗരസഭകളിലായി 215 വാർഡുകളുണ്ട്. നഗരസഭക്കാർക്ക് ഒരു വോട്ട് ചെയ്യാൻ മാത്രമേ അവസരമുള്ളൂ.

കൊവിഡ് കാലത്ത് വീണുകിട്ടിയ കച്ചിത്തുരുമ്പാണ് ഇൗ തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തുടങ്ങിയതോടെ തിരക്ക് കൂടുന്നുണ്ട്. ഒറ്റനിറത്തിലെ എഴുത്ത് ഔട്ടാവുന്നുണ്ട്. ബഹുവർണമാണ് എല്ലാവർക്കും താത്പര്യം

(മുരളി,ചുമരെഴുത്ത് കലാകാരൻ)