ചേർത്തല : തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ സ്ഥാനമൊഴിയുന്ന ജനപ്രതിനിധികൾക്ക് യാത്രഅയപ്പ് നൽകി ജീവനക്കാരും നാട്ടുകാരും. മുഴുവൻ വാർഡുകളിലും കൂട്ടായ്മ സംഘടിപ്പിച്ച് ഭരണസമിതിഅംഗങ്ങൾക്ക് അവർ പിന്തുണ അറിയിച്ചു.പ്രസിഡന്റ് ഉൾപ്പെടെ ഭൂരിപക്ഷം അംഗങ്ങളും വീണ്ടുമൊരു മത്സര രംഗത്ത് നിന്ന് പിൻമാറിയ പഞ്ചായത്താണ് തണ്ണിർമുക്കം.അത് കൊണ്ട് തന്നെ യാത്രയപ്പിന് പിന്തുണയേകി ജീവനക്കാരും കുടുംബശ്രീയും തൊഴിലുറപ്പുക്കാരും ഗ്രാമവാസികളും എത്തി.
ഇന്നലെ കാലാവധി പൂർത്തിയാക്കി പടി ഇറങ്ങുന്ന പഞ്ചായത്ത് അംഗങ്ങൾക്കും, കാൽ നൂറ്റണ്ടായി തണ്ണിർമുക്കം ഗ്രാമ പഞ്ചായത്തിൽ അംഗമായും വിവിധ സ്റ്റാന്റിംഗ് കമ്മറ്റികളിൽ ചെയർമാനായും ഒടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തനം പുർത്തിയാക്കിയ അഡ്വ.പി.എസ്.ജ്യോതിസിന് സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് ഗ്രാമവാസികൾ നൽകിയത്.കൊവിഡ് മാനണ്ഡങ്ങൾ പാലിച്ച് 23വാർഡുകളിലും അവർ പ്രസിഡന്റിനും അംഗങ്ങൾക്കും ആദരം നൽകി. വൈകിട്ടോടെ കൊവിഡ് സെന്റെറുകളുടെ പ്രവർത്തനങ്ങളുടെ ഫയലുകൾ സെക്രട്ടറി ഒപ്പിടീപ്പിച്ചതോടെ പ്രസിഡന്റിന്റെ ഔദ്യോഗിക ചുമതലകൾ അവസാനിച്ചു.
തർക്കങ്ങളോ ഇറങ്ങിപ്പോക്കോ വിയോജനങ്ങളോ ഇല്ലാതെ മാതൃകപരമായി ഏങ്ങനെ വികസന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാം എന്നതിനപ്പുറം, നൂതത പദ്ധതികളിലൂടെ ദേശീയ ശ്രദ്ധ ആകർഷിച്ച ഭരണ സമിതിയായിരുന്നു തണ്ണിർമുക്കത്തേതെന്ന് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് പറഞ്ഞു.