ആദ്യമായി വനിതാസംവരണം നടപ്പാക്കിയതും ജില്ലാ കൗൺസിലിൽ
ആലപ്പുഴ:വിരലിലെണ്ണാവുന്ന മാസങ്ങൾക്കുള്ളിൽ വികസനത്തിന് പുതുനാമ്പ് നൽകാൻ കഴിഞ്ഞതാണ് പഴയ ജില്ലാ കൗൺസിലിന്റെ മേന്മ. 1991-ൽ ഇ.കെ.നായനാർ സർക്കാർ വളരെ ആവേശത്തോടെ കൊണ്ടുവന്ന ജില്ലാ കൗൺസിൽ, തൊട്ടുപിന്നാലെ അധികാരത്തിലേറിയ കെ.കരുണാകരൻ സർക്കാർ നിർദ്ദയം പിരിച്ചുവിട്ടു.
അന്ന് കേരളത്തിൽ എറ്രവും ശ്രദ്ധിക്കപ്പെട്ട ആലപ്പുഴ ജില്ലാ കൗൺസിലിന് നേതൃത്വം നൽകിയ ഇപ്പോഴത്തെ പൊതുമരാമത്ത് -രജിസ്ട്രേഷൻ മന്ത്രി ജി.സുധാകരന്റെ ഓർമ്മയിലുണ്ട് ,നടപ്പാക്കിയ വികസനങ്ങളുടെ നീണ്ട പട്ടിക.38 മാസം കൗൺസിൽ നിലവിലുണ്ടായിരുന്നെങ്കിലും പൂർണ്ണ അധികാരത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞത് കേവലം ആറുമാസങ്ങൾ.
യു.ഡി.എഫ് സർക്കാർ വന്നതോടെ അധികാരങ്ങളുടെ ചിറകരിഞ്ഞു.റവന്യു ജില്ലയുടെ മുഴുവൻ അധികാരങ്ങളും ജില്ലാ കൗൺസിലിലാണ് കേന്ദ്രീകൃതമായിരുന്നത്. ജില്ലാ കളക്ടറാണ് സെക്രട്ടറി. ജില്ലാ കൗൺസിൽ പ്രസിഡന്റിന് പ്രോട്ടോക്കോൾ പ്രകാരം എം.പിക്കും എം.എൽ.എയ്ക്കും മുകളിൽ സ്ഥാനം.രാജ്യത്ത് തന്നെ മാതൃകയായിരുന്നു കേരളം നടപ്പാക്കിയ ഈ അധികാര വികേന്ദ്രീകരണം.തിരഞ്ഞെടുപ്പിൽ ആദ്യമായി വനിതാസംവരണം നടപ്പാക്കിയതും ജില്ലാ കൗൺസിലിലാണ്.
36 ഡിവിഷനുകളുണ്ടായിരുന്ന ആലപ്പുഴയിൽ 33ലും വിജയിച്ച് എൽ.ഡി.എഫ് മൃഗീയ ഭൂരിപക്ഷം നേടി. വി.എസ്.അച്യുതാനന്ദനടക്കമുള്ള മുതിർന്ന നേതാക്കളുടെ നിർദ്ദേശപ്രകാരം , കൈനകരി ഡിവിഷനിൽ നിന്ന് ജയിച്ച ജി.സുധാകരൻ ജില്ലാ കൗൺസിൽ പ്രസിഡന്റായി. വികസനത്തിന്റെ പുതിയൊരു മുഖമാണ് അതോടെ ജനങ്ങൾക്ക് മുമ്പിൽ അനാവരണം ചെയ്യപ്പെട്ടത്.
പ്രതിഫലം 2000 രൂപ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് അക്കാലത്ത് കിട്ടിയിരുന്നത് നാമമാത്രമായ സിറ്റിംഗ് ഫീസ്. എന്നാൽ ജില്ലാ കൗൺസിൽ പ്രസിഡന്റിന് ശമ്പളം മാസം 2000 രൂപ!തന്റെ ശമ്പളത്തിന്റെ 50 ശതമാനം ജി.സുധാകരൻ വിദ്യാഭ്യാസ സ്കോളർഷിപ്പിന് മാറ്രിവച്ചു. അതിന്റെ ഗുണഫലം കിട്ടിയത് നിരവധി സാധുക്കളായ വിദ്യാർത്ഥികൾക്കും. പ്രസിഡന്റിന് ഔദ്യോഗിക വസതി അനുവദിച്ചെങ്കിലും പുന്നപ്രയിലെ സ്വന്തം വീട്ടിൽ താമസിച്ച് അദ്ദേഹം ചെലവ്ചുരുക്കി.''ജനങ്ങൾക്ക് പ്രയോജനകരമായ നിരവധി കാര്യങ്ങൾ ആലോചിച്ചിരുന്നു.പക്ഷെ അതൊന്നും നടപ്പാക്കാൻ സാവകാശം കിട്ടിയില്ല'' ജി.സുധാകരൻ ഓർക്കുന്നു.
വിത്ത് ക്ഷാമത്തിന് ഉടൻ പരിഹാരം
ജില്ലാ കൗൺസിൽ അധികാരത്തിലെത്തിയപ്പോൾ ആദ്യം നേരിട്ട പ്രതിസന്ധി നെൽകർഷകരുടെ വിത്ത് ക്ഷാമമായിരുന്നു. എം.ടി.ചന്ദ്രസേനനായിരുന്നു അന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ. സത്വര നടപടിയെടുത്ത് കർഷകർക്ക് ആവശ്യമായ വിത്ത് എത്തിക്കാൻ കഴിഞ്ഞു.ജില്ലയിലെ എല്ലാ സർക്കാർ സ്കൂളുകളുടെയും നിലവാരം ഉയർത്താൻ ബൃഹത് പദ്ധതി തയ്യാറാക്കി. പ്രൊഫ.വി.കെ.കേരളവർമ്മയാണ് അതിനുള്ള സമഗ്ര റിപ്പോർട്ട് തയ്യാറാക്കിയത്. കുട്ടനാട്ടിൽ എ.സി റോഡു പോലെ പ്രധാനപ്പെട്ട രണ്ട് റോഡുകൾ നിർമ്മിച്ചു. ആലപ്പുഴ ബീച്ചിൽ പാർക്ക് സജ്ജമാക്കിയതും തോട്ടപ്പള്ളി സ്പിൽവേയ്ക്ക് സമാന്തരമായി നടപ്പാലം തീർത്തതും അന്നാണ്. കുട്ടനാട്ടിലും ആലപ്പുഴ നഗരത്തിലുമായി 100 സ്റ്റീൽ പാലങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചു.നിർമ്മാണ, പരിപാലന ചെലവ് കുറയുമെന്നതിനാലാണ് ആ വഴിക്ക് ചിന്തിച്ചത്. പക്ഷെ നാലെണ്ണം സ്ഥാപിക്കാനേ അവസരം കിട്ടിയുള്ളു.ഇരുമ്പുപാലം, ജില്ലാ കോടതി പാലം എന്നിവയോട് ചേർന്ന് ഇപ്പോഴും നിലകൊള്ളുന്ന ആ പാലങ്ങൾ നഗരത്തിലെ കാൽനട യാത്രക്കാർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.