ആലപ്പുഴ: കുട്ടനാട്ടിൽ സംയുക്ത ചെത്ത് തൊഴിലാളി യൂണിയനുകൾ നടത്തുന്ന കള്ള് കെട്ട് സമരം കള്ള് വ്യവസായത്തെ തകർക്കുമെന്ന് കള്ള് ഷാപ്പ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.പി.പത്മകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി 74ഷാപ്പുകളിൽ തൊഴിലാളികൾ കള്ളു കെട്ടൽ സമരം നടത്തുകയാണ്. സർക്കാർ അംഗീകരിച്ച കൂലിയ്ക്കു പുറമേ നിലവിൽ ഷാപ്പ് ഉടമകൾ നൽകി കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ തുടർന്നും നൽകണമെന്നാണ് ആവശ്യം. മറ്റ് റേഞ്ചുകളെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണവും കള്ള് ഉത്പാദനവും കുട്ടനാട്ടിൽ കൂടുതലാണ്. വർദ്ധിപ്പിച്ച കൂലിക്ക് പുറമേ ഡി.എയും മറ്റ് ആനുകൂല്യങ്ങളും നൽകുമ്പോൾ നിലവിൽ കള്ളിന്റെ വില്പന വിലയേക്കാൾ കൂടുതൽ തുക തൊഴിലാളികൾക്ക് നൽകേണ്ടി വരുന്നു.

തെങ്ങ് പാട്ടം, വൃക്ഷക്കരം, മാട്ടം, കയർ, പ്രോവിഡൻന്റ് ഫണ്ട്, കെട്ടിട വാടക, വൈദ്യുതി ചാർജ്, വെള്ളക്കരം, ഷാപ്പ് ജീവനക്കാരുടെ ശമ്പളം എന്നിവ നൽകിക്കഴിഞ്ഞാൽ ഷാപ്പ് ഉടമകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. കൂലിവർദ്ധനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയാണ്. സീസൺ കച്ചവടം ആരംഭിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് തൊഴിലാളികൾ പിൻമാറണമെന്നും ഷാപ്പുടമകൾ ആവശ്യപ്പെട്ടു. പി.ശശിധരൻ, ആർ.സുനിൽ കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.