ആറിലൊന്നു വോട്ടുവേണം കെട്ടിവച്ച കാശുകിട്ടാൻ
ആലപ്പുഴ: തിരഞ്ഞെടുപ്പു കാലത്ത് ദുർബലരായ എതിരാളികളെ പരിഹസിക്കുമ്പോൾ പ്രയോഗിക്കുന്ന വാക്കുകളിലൊന്നാണ് 'കെട്ടിവച്ച കാശ്'. തോൽവിയുടെ കയ്പിനൊപ്പം, കെട്ടിവെച്ച കാശുകൂടി കിട്ടാത്ത സാഹചര്യമുണ്ടായാൽ ധനനഷ്ടം മാത്രമല്ല, മാനഹാനിയും തലയിൽ കയറി നിരങ്ങും.
തിരഞ്ഞെടുപ്പുകളിൽ വെറുതേ ഒരു രസത്തിനു പത്രിക സമർപ്പിച്ച ശേഷം വീട്ടിലിരിക്കുന്നവരെ ഒഴിവാക്കാൻ വേണ്ടിയാണ് പത്രികയ്ക്കൊപ്പം നിശ്ചിത തുക കൂടി സ്ഥാനാർത്ഥിയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാങ്ങുന്നത്. 1951 ൽ സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പ് മുതൽ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്യൂരിറ്റി സംഖ്യ വാങ്ങി വരുന്നു. ആദ്യകാല തിരഞ്ഞെടുപ്പുകളിൽ പരമാവധി 500 രൂപയായിരുന്നു അടയ്ക്കേണ്ടിയിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പരമാവധി തുക മൂവായിരം ആണെങ്കിൽ, ലോക്സഭയിൽ ഇത് 25,000 ആണ്. വർഷാവർഷം പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും എണ്ണത്തിലുണ്ടാകുന്ന പെരുക്കമാണ് തുക വർദ്ധിപ്പിക്കാൻ കാരണമായത്.
1996 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് സെക്യൂരിറ്റി തുക ഒറ്റയടിക്ക് ഇരുപതിരട്ടി വർദ്ധിപ്പിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥികളുടെ എണ്ണത്തിലടക്കം നിയന്ത്രണം കൊണ്ടുവരാൻ തിരഞ്ഞെടുപ്പ് ഡെപ്പോസിറ്റ് സംവിധാനം പ്രയോജനം ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്ഥാനാർത്ഥി സ്വന്തം കയ്യിൽ നിന്ന് കാശ് മുടക്കേണ്ടി വരില്ല. പാർട്ടി പ്രവർത്തകരോ, ഏതെങ്കിലും സംഘടനകളോ, സ്നേഹിതരോ ഒക്കെയായിരിക്കും കെട്ടിവയ്ക്കാനുള്ള തുക കണ്ടെത്തി നൽകുന്നത്.
തിരിച്ചു കിട്ടാൻ
ആകെ പോൾ ചെയ്യുന്നതിന്റെ ആറിലൊന്ന് വോട്ട് ലഭിച്ചാൽ കെട്ടിവയ്ക്കുന്ന തുക തിരികെ കിട്ടും. അതായത് 10,000 വോട്ടാണ് പോൾ ചെയ്യുന്നതെങ്കിൽ 1666 വോട്ട് നേടണം. ഇല്ലെങ്കിൽ കാശ് സ്വാഹ! പട്ടികജാതി സംവരണ വിഭാഗങ്ങൾക്ക് അടയ്ക്കേണ്ട തുകയിൽ 50 ശതമാനം ഇളവുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന മൂലം കോടികളുടെ രൂപയുടെ വരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിക്കുന്നത്.
കെട്ടി വയ്ക്കേണ്ട തുക
ഗ്രാമ പഞ്ചായത്ത് - 1000 രൂപ
ബ്ലോക്ക്, നഗരസഭ: - 2000
ജില്ലാ പഞ്ചായത്ത് - 3000
നിയമസഭ - 10,000
ലോക്സഭ - 25,000