തിരഞ്ഞെടുപ്പിന് 'തയ്യാറെടുത്ത്" വ്യാജമദ്യ മാഫിയയും
ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് 'വീര്യം"പകരാൻ ജില്ലയിൽ വ്യാജമദ്യ മാഫിയയും സജീവം. കൊവിഡ് മൂലം മദ്യവിതരണത്തിൽ സർക്കാർ കൊണ്ടുവന്ന നിയന്ത്രണം മുതലെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ടോക്കൺ ഇല്ലാതെ ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും നിന്ന് ഇടക്കാലത്ത് വിദേശമദ്യം ലഭിച്ചിരുന്നെങ്കിലും അടുത്തിടെ ടോക്കൺ വീണ്ടും നിർബന്ധമാക്കി.
കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് സ്പിരിറ്റും വിദേശമദ്യവും ജില്ലയിലേക്ക് അധികവും എത്തുന്നത്. കഴിഞ്ഞ ദിവസം ചേർത്തലയിൽ ചെണ്ടമേള സംഘത്തിന്റെ ബോർഡു വച്ച മിനിബസിൽ കടത്തിയ 1750 ലിറ്റർ സ്പിരിറ്റും അരൂരിൽ കാറിൽ കടത്തിയ പുതുച്ചേരിയിൽ നിന്നുള്ള വിദേശമദ്യവും വാഹനപരിശോധനക്കിടെ പിടികൂടിയിരുന്നു. മാന്നാർ എണ്ണയ്ക്കാട്ട് കഴിഞ്ഞ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 155 ലിറ്റർ ചാരായം പിടിച്ചെടുത്തു. ചേർത്തലയിൽ പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആർക്കുവേണ്ടിയാണെന്നും വ്യക്തമല്ല.
പരിശോധനയിലും പരിമിതികൾ
കൊവിഡ് കാലത്ത് വാഹനപരിശോധനയ്ക്കുള്ള പരിമിതികൾ മുതലെടുത്താണ് സ്പിരിറ്റസ് കടത്ത്. അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെങ്കിലും സാമൂഹ്യ അകലം പാലിച്ചും ഡ്രൈവറിൽ നിന്ന് വിവരം ചോദിച്ചറിഞ്ഞും ബില്ലുകളുൾപ്പെടെ രേഖകൾ പരിശോധിച്ചും ലോഡ് കടത്തിവിടുന്നതാണ് നിലവിലെ രീതി. ഗോഡൗണുകളിൽ എത്തിക്കുന്ന സ്പിരിറ്റ് കാറുകളിലും ചെറുവാഹനങ്ങളിലുമാണ് ജില്ലയിലെ വിവിധ ചിലറ വില്പന കേന്ദ്രങ്ങളിൽ എത്തിക്കുന്നത്.
"തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക നിർദേശം സർക്കാർ തലത്തിൽ ലഭിച്ചിട്ടില്ല. നിലവിൽ ജില്ലയിൽ 24മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക പരിശോധന സംഘമുണ്ട്. ഇതിന് പുറമേ എല്ലാ ഓഫീസുകളുടെയും പരിധിയിൽ വാഹന പരിശോധന ശക്തമാക്കി.
എക്സൈസ് അസി.കമ്മിഷണർ(എൻഫോഴ്സ്മെന്റ്), ആലപ്പുഴ
ആലപ്പുഴ ഡിവിഷനിലെ കേസുകൾ
ഒക്ടോബർ
അബ്കാരി ....694
എൻ.ഡി.പി.എസ്-396
അറസ്റ്-131
കോട-2605ലിറ്റർ
സ്പിരിറ്റ്-300ലിറ്റർ
മായം ചേർത്തകള്ള്-683ലിറ്റർ
ബിയർ-39ലിറ്റർ
പിടിച്ചെടുത്ത വാഹനം-10
ഈടാക്കിയ പിഴ-34,540രൂപ
നവംബർ
അബ്കാരി- 60
എൻ.ഡി.പി.എസ്-9
അറസ്റ്റ് - 67
കോട-8300ലിറ്റർ
സ്പിരിറ്റ്-1500ലിറ്റർ
മായം ചേർത്തകള്ള്-166ലിറ്റർ
ചാരായം-78.48ലിറ്റർ
പിടിച്ചെടുത്ത വാഹനം- 7
ഈടാക്കിയ പിഴ-38600രൂപ