ambala

അമ്പലപ്പുഴ: കൊവിഡ് കാലത്ത് അരങ്ങൊഴിഞ്ഞതോടെ വരുമാനമാർഗമടഞ്ഞ നാടക, കലാ പ്രവർത്തകർ ഉപജീവനത്തിനായി അലങ്കാരച്ചെടികളുടെ വിൽപ്പനയുമായി രംഗത്ത്. പായൽക്കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് നാലര സെന്റ് സ്ഥലത്താണ് അഞ്ച് കലാകാരൻമാരുടെ കൂട്ടായ്മയിൽ പുതിയ സംരംഭം ആരംഭിച്ചത്.

മുപ്പത് വർഷത്തിലധികമായി കേരളത്തിലെ അനേകം നാടക ട്രൂപ്പുകളിൽ നിറസാന്നിധ്യമായിരുന്ന കരൂർ ചിഞ്ചു നിവാസിൽ ബിജു പാർത്ഥ സാരഥിയുടെ നേതൃത്വത്തിലാണ് ഗൗതം ഗ്രീൻ ഗാർഡൻസ് ആന്റ് ഇന്റീരിയൽ വർക്ക് എന്ന പേരിൽ പുതിയ സംരംഭം. ഇദ്ദേഹത്തോടൊപ്പം നാടക,സീരിയൽ താരവും മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുമായ അബ്ബാസ് ഖാൻ ,കവിയും ശിൽപ്പിയും കൊച്ചിൻ സംഗമിത്രയിലെ കോമഡി താരവുമായ യേശുക്കുട്ടൻ, നാടക, സീരിയൽ പ്രവർത്തകരായ അംബൂട്ടി, മോഹനൻ എന്നിവരുമുണ്ട്.

ബിജു പാർത്ഥ സാരഥിയുടെ വീട്ടിലെ നാലര സെന്റ് സ്ഥലത്താണ് അലങ്കാരച്ചെടികൾ ഒരുക്കിയിരിക്കുന്നത്. കൊവിഡിനെത്തുടർന്ന്, ഉത്സവകാലത്തെ പരിപാടികളും ഷൂട്ടിംഗും നിലച്ചതോടെയാണ് ഉപജീവനത്തിനായി മറ്റ് മാർഗങ്ങൾ തേടേണ്ടി വന്നതെന്ന് ബിജു പറഞ്ഞു. അലങ്കാര നെറ്റിപ്പട്ടങ്ങൾ, അലങ്കാര മത്സ്യങ്ങൾ, മുന്തിയ ഇനം തെങ്ങിൻ തൈകൾ, പ്ലാവ്, മാവ്, തുടങ്ങി വിവിധ തരം ഫലവൃക്ഷത്തൈകൾ എന്നിവയും ഇവിടെ ലഭിക്കും. വീടുകളിൽ ചെന്ന് പൂന്തോട്ടമൊരുക്കാനും ഇന്റീരിയൽ ജോലികൾ നടത്താനും ഇവർ തയ്യാറാണ്. തങ്ങളുടെ കലാജീവിതം പ്രതിസന്ധിയിലായെങ്കിലും കലക്ക് പ്രാധാന്യം നൽകുന്ന മറ്റൊരു മേഖല തിരഞ്ഞെടുക്കുകയായിരുന്നു ഇവർ. അമ്പലപ്പുഴ ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.