കോഴിക്കുഞ്ഞുങ്ങൾക്ക് പൊള്ളുന്ന വില, കോഴിത്തീറ്റ കിട്ടാനില്ല
ആലപ്പുഴ: കോഴിത്തീറ്റ കിട്ടാതായതും കോഴിക്കുഞ്ഞുങ്ങൾക്ക് വില കുത്തനെ ഉയർന്നതും സംസ്ഥാനത്തെ കോഴി കർഷകർക്ക് തിരിച്ചടിയാകുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് പേരിന് മാത്രമാണ് കോഴിത്തീറ്റ എത്തുന്നത്. കോഴിത്തീറ്റ എടുക്കാനായി പോകുന്ന വാഹനങ്ങൾ വെറുംകൈയോടെ മടങ്ങുന്നതിനാൽ വാഹന വാടക ഇനത്തിലും നഷ്ടമുണ്ടാകുന്നു. അസംസ്കൃത വസ്തുക്കളുടെ ക്ഷാമമാണ് കോഴിത്തീറ്റ ക്ഷാമം രൂക്ഷമാക്കുന്നത്. ഇതോടെ തീറ്റയ്ക്ക് വിലയും വർദ്ധിച്ചു.
സേലം, ഈറോഡ്, ഭദ്രാവതി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കോഴിത്തീറ്റ എത്തിയിരുന്നത്. തായ്‌ലൻഡ്, നെതർലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് തീറ്റയ്ക്ക് ആവശ്യമായ ചേരുവകൾ ഇന്ത്യൻ കമ്പനികൾ ഇറക്കുമതി ചെയ്യുന്നത്. വിദേശത്തുനിന്നുള്ള ഇറക്കുമതി നിലച്ചതോടെ തീറ്റ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ ചേരുവകൾ കിട്ടാതായി.
'റോക്കറ്റേറി" കോഴിക്കുഞ്ഞുങ്ങൾ
ഒരു കോഴിക്കുഞ്ഞിന്റെ വില 22 രൂപയിൽ നിന്ന് 55 ലേക്കാണ് ഉയർന്നത്. കേരളത്തിൽ കോഴി ഉത്പാദനം കുറവായിരുന്നതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും അമിതവിലയ്ക്കാണിപ്പോൾ വ്യാപാരികൾ വാങ്ങുന്നത്. ഏകീകൃത നിരക്കിന് സർക്കാർ നടപടിയില്ലന്നാണ് വ്യാപാരികളുടെ പരാതി.
വൻകിട കുത്തകകളാണ് മാർക്കറ്റ് വില തീരുമാനിക്കുന്നത്. കോഴിക്കുഞ്ഞിനെ പൂറത്തേക്ക് കൊടുക്കാതെ അവർ തന്നെ നേരിട്ട് വില്ക്കുകയും വീണ്ടും ഉത്പാദിപ്പിക്കുകയും ചെയ്യും. മറ്റ് സംസ്ഥാനങ്ങളിൽ പൗൾട്രി മേഖലയ്ക്ക് സഹായം നല്കുന്നുണ്ട്. കേരളത്തിലും സർക്കാർ നിയന്ത്രണവും പങ്കാളിത്തവും ആവശ്യമാണ്
- എസ്.കെ. നസീർ (ജനറൽ സെക്രട്ടറി, ഓള് കേരള പൗൾട്രി ഫെഡറേഷൻ)
കോഴിക്കുഞ്ഞുങ്ങളുടെ വില (ഒന്നിന് രൂപയിൽ)
സെപ്റ്റംബർ ഒന്ന് - 20
ഒക്ടോബർ ഒന്ന് - 44
ഒക്ടോബർ 5- 50
ഒക്ടോബർ 15 - 52
ഒക്ടോബർ19 - 53
ഒക്ടോബർ 20 - 48