s

ആലപ്പുഴ: കഴിഞ്ഞ ദിവസം വിടപറഞ്ഞ അമ്പലപ്പുഴ വാലുപറമ്പിൽ പുരുഷോത്തമ കൈമളും (71) മലയാ സിനിമയുമായി സംവിധായകൻ പ്രിയദർശന്റെ അമ്മാവൻ എന്നതിലുപരി ആകസ്മികമായ ഒരു ബന്ധമുണ്ട്. മലയാള സിനിമാ ചരിത്രത്തിൽ ഇടംപിടിച്ച പ്രിയൻ സിനിമ 'ചിത്ര'ത്തിൽ നെടുമുടിവേണു അവിസ്മരണീയമാക്കിയ 'കൈമൾ' എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. കൈമളിന്റെ പിറവിക്ക് അദൃശ്യമായി ഈ പുരുഷോത്തമ കൈമളിനും പങ്കുണ്ട്. 'ചിത്ര'ത്തിൽ തന്റെ കഥാപാത്രത്തിന് കൈമൾ എന്ന പേരു വന്നതിനെക്കുറിച്ച് നെടുമുടി വേണു പറഞ്ഞതിങ്ങനെ: 'കഥാചർച്ച നടക്കുമ്പോൾ എന്റെ കഥാപാത്രത്തിന്റെ പേരും ചർച്ചയായി. മേനോൻ, പിള്ള തുടങ്ങിയ 'വാലു'കളാണ് അന്ന് സാധാരണം. പുതിയ ഒരിനം ഇരിക്കട്ടെ എന്നു കരുതിയാണ് ഞാൻ കൈമൾ എന്നു നിർദ്ദേശിച്ചത്. അപ്പോഴാണ് പ്രിയൻ പറയുന്നത്, അമ്പലപ്പുഴയിലുള്ള അമ്മാവന്റെ പേരും കൈമളെന്നാണെന്ന്... അങ്ങനെ ആ കഥാപാത്രത്തിന് കൈമൾ എന്ന പേര് ഉറപ്പിച്ചു. നെടുമു‌ടി അനശ്വരമാക്കിയ കഥാപാത്രം ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. ' ദിലീപിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ വെട്ടത്തിലും 'കൈമളമ്മാവൻ" എത്തുന്നുണ്ട്. 'വാലുപറമ്പിൽ പുരുഷൻ' പോയോ എന്ന് ഒരു കഥാപാത്രത്തിന്റെ ഡയലോഗ് എത്തിയത് ഈ അമ്മാവന്റെ യഥാർത്ഥ നാമത്തിൽ നിന്നുമാണ്.

ചെറുപ്പകാലത്ത് പ്രിയൻ അമ്പലപ്പുഴയിൽ വരാറുണ്ടായിരുന്നു. അമ്മാവനുമായി അത്ര അടുപ്പമായിരുന്നു. സൈക്കിളിൽ ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുമായിരുന്നു. പുരുഷോത്തമ കൈമൾ തിരുവനന്തപുരത്ത്, പ്രിയന്റെ വീട്ടിലും പലപ്പോഴും താമസിച്ചിട്ടുണ്ട്. സിനിമയിൽ തിരക്കേറിയ ശേഷം ഒരിക്കൽ അമ്പലപ്പുഴയിലെത്തിയത് പഴയൊരു 'മോറീസ്' കാറുമായാണ്, അമ്മാവന് സമ്മാനമായി. പിന്നെ അധികം വരാതായി. ഫോൺവിളികളിൽ ഒതുങ്ങി ബന്ധം. വീടിന്റെ പണി നടക്കുന്ന സമയത്ത് സൂക്ഷിക്കാനുള്ള സൗകര്യമില്ലായ്മ കാരണമാണ് മോറീസ് വിറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു പുരുഷോത്തമ കൈമളുടെ അന്ത്യം. അമ്മാവന്റെ മരണവാർത്ത അറിഞ്ഞെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ പ്രിയന് എത്താനായില്ല.