ആലപ്പുഴ: പൊലീസുകാരോട് ഡി.ജി.പിയുടെ സർക്കുലറിനെ കുറിച്ച് ഓർമ്മിപ്പിച്ച പി.എസ്.സി ഉദ്യോഗസ്ഥനെ മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കിയ ചേർത്തല എസ്.ഐയും സിവിൽ പൊലീസ് ഓഫീസറും ഡ്രൈവറും നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡിസംബർ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ ഹാജരാകാനാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസിന്റെ ഉത്തരവ്.
ചേർത്തല പൂത്തോട്ട വളവിൽ 2019 ഡിസംബർ 14നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വാഹനപരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘത്തോട്, വളവിൽ വാഹന പരിശോധന പാടില്ലെന്ന ഡി.ജി.പിയുടെ സർക്കുലറിനെ കുറിച്ച് പരാതിക്കാരനായ രമേഷ് എച്ച്.കമ്മത്ത് ഓർമ്മിപ്പിച്ചു. ഇത് കേട്ട് പ്രകോപിതരായ പൊലീസ് സംഘം പരാതിക്കാരനെ കൈയേറ്റം ചെയ്ത് സ്റ്റേഷനിൽ കൊണ്ടു പോയി കേസെടുത്തു. ചേർത്തല സ്റ്റേഷനിലെ ഡ്രൈവർ സുധീഷ്, ഗ്രേഡ് എസ്.ഐ.ബാബു, സി.പി.ഒ തോമസ് എന്നിവർക്കെതിരെയാണ് പരാതി.
സംഭവത്തിൽ ജില്ലാപൊലീസ് മേധാവിക്ക് പുറമേ കമ്മീഷന്റെ അന്വേഷണ വിഭാഗവും അന്വേഷണം നടത്തി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് ശുപാർശയോടെ കമ്മീഷന്റെ അന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു.