ആലപ്പുഴ: മലയാള സിനിമ ചരിത്രത്തിൽ ചരിത്രം സൃഷ്ടിച്ച പ്രിയദർശൻ ചിത്രമായ 'ചിത്ര'ത്തിൽ നെടുമുടിവേണു അവിസ്മരണീയമാക്കിയ 'കൈമൾ' എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. കൈമളിന്റെ പിറവിക്ക് വഴിതെളിച്ചത് പ്രിയദർശന്റെ അമ്മാവനായിരുന്ന അമ്പലപ്പുഴ വാലുപറമ്പിൽ പുരുഷോത്തമ കൈമൾ (71) ആയിരുന്നു എന്നത് അധികമാരും അറിയാനുമിടയില്ല. കഴിഞ്ഞദിവസം പുരുഷോത്തമ കൈമൾ മരിച്ചു. 365 ദിവസം തുടർച്ചയായി ഓടിയ ചിത്രത്തിലെ നെടുംതൂണുകളിലൊന്നിന്റെ സാന്നിദ്ധ്യമാണ് കൈമളിന്റെ വേർപാടോടെ ഇല്ലാതായത്.
നായകനായ മോഹൻലാലിന്റെ വിഷ്ണു എന്ന കഥാപാത്രത്തെ വാടകയ്ക്കെടുക്കാൻ എത്തുന്ന കൗശലക്കാരനായ കൈമ മലയാളിക്ക് മറക്കാനാവില്ല. മോഹൻലാലും നടുമുടിയും ചേർന്ന് അവതരിപ്പിച്ച 'നഗുമോ' എന്ന കീർത്തനവും മലയാളികളുടെ ചുണ്ടിലുണ്ട്. പ്രിയദർശന്റെ അമ്മയും പുരുഷോത്തമ കൈമളും സഹോദരിമാരുടെ മക്കളാണ്.പ്രിയൻ സംവിധാനം ചെയ്ത ദിലീപ് ചിത്രമായ വെട്ടത്തിലും അമ്മാവനെ പരാമർശിക്കുന്നുണ്ട്. 'വാലുപറമ്പിൽ പുരുഷൻ' പോയോ എന്ന് ഒരു കഥാപാത്രം ചിത്രത്തിൽ ചോദിക്കുന്നുണ്ട്.
'ചിത്ര'ത്തിൽ തന്റെ കഥാപാത്രത്തിന് കൈമൾ എന്ന പേരു വന്നതിനെക്കുറിച്ച് നെടുമുടി വേണു പറഞ്ഞതിങ്ങനെ: 'കഥാചർച്ച നടക്കുമ്പോൾ എന്റെ കഥാപാത്രത്തിന്റെ പേരും ചർച്ചയായി. മേനോൻ, പിള്ള തുടങ്ങിയ 'വാലു'കളാണ് അന്ന് സാധാരണം. പുതിയ ഒരിനം ഇരിക്കട്ടെ എന്നു കരുതിയാണ് ഞാൻ കൈമൾ എന്നു നിർദ്ദേശിച്ചത്. അപ്പോഴാണ് പ്രിയൻ പറയുന്നത്, അമ്പലപ്പുഴയിലുള്ള അമ്മാവന്റെ പേരും കൈമളെന്നാണെന്ന്...'
ചെറുപ്പകാലത്ത് പലപ്പോഴും പ്രിയൻ അമ്പലപ്പുഴയിൽ വരാറുണ്ടായിരുന്നു. അമ്മാവനുമായി അത്രയ്ക്കായിരുന്നു അടുപ്പം.സൈക്കിളിൽ ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുമായിരുന്നു. പുരുഷോത്തമ കൈമൾ തിരുവനന്തപുരത്ത്, പ്രിയന്റെ വീട്ടിലും പലപ്പോഴും താമസിച്ചിട്ടുണ്ട്. സിനിമയിൽ തിരക്കേറിയ ശേഷം ഒരിക്കൽ അമ്പലപ്പുഴയിലെത്തിയത് പഴയൊരു 'മോറീസ്' കാറുമായാണ്, അമ്മാവന് സമ്മാനമായി. പിന്നെ അധികം വരാതായി. ഫോൺവിളികളിൽ ഒതുങ്ങി ബന്ധം. വീടിന്റെ പണി നടക്കുന്ന സമയത്ത് സൂക്ഷിക്കാനുള്ള സൗകര്യമില്ലായ്മ കാരണമാണ് മോറീസ് വിറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു പുരുഷോത്തമ കൈമളുടെ അന്ത്യം. അമ്മാവന്റെ മരണവാർത്ത അറിഞ്ഞെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ പ്രിയദർശന് എത്താനായില്ല.