s

ആലപ്പുഴ: ജില്ലാ പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ് , എൻ.ഡി.എ സീറ്ര് വിഭജന ചർച്ചകൾ ഇന്നലെയും തീരുമാനത്തിലെത്തിയില്ല.ലീഗിന്റെ കടുംപിടുത്തമാണ് യു.ഡി.എഫിന്റെ തീരുമാനം വൈകാൻ കാരണം. മാവേലിക്കര അസംബ്ളി മണ്ഡലത്തിൽ ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ ബി.ഡി.ജെ.എസ് സീറ്റുകളിൽ ധാരണയാവാത്തതാണ് എൻ.ഡി.എയിലെ പ്രതിസന്ധി. ഇന്ന് എങ്ങനെയും വിഭജനം പൂർത്തിയാക്കാനാണ് രണ്ട് മുന്നണികളും ഉത്സാഹിക്കുന്നത്.

ജില്ലാ പഞ്ചായത്തിലെ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ആലപ്പുഴ നഗരസഭ അടക്കമുള്ളവയിലെ സ്ഥാനാർത്ഥി പട്ടിക ഇടതു മുന്നണി ഇന്നേ പ്രഖ്യാപിക്കൂ. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷനാണ് യു.ഡി.എഫ് ലീഗിന് നൽകിയത്. എന്നാൽ ഇതിന് പുറമെ അമ്പലപ്പുഴ കൂടി നൽകണമെന്നതായിരുന്നു ലീഗിന്റെ ആദ്യ ഡിമാൻഡ്. ഈ ആവശ്യത്തോട് കോൺഗ്രസ് മുഖം തിരിച്ചതോടെ, പുന്നപ്രയ്ക്ക് പകരം അമ്പലപ്പുഴ എന്ന നിലപാടിലേക്ക് ലീഗ് എത്തിയെന്നാണ് അറിയുന്നത്. എന്നാൽ പുന്നപ്ര നൽകാം എന്ന ധാരണയിൽ നിന്ന് മാറാൻ കോൺഗ്രസും തയ്യാറായിട്ടില്ല.

ജില്ലാ പഞ്ചായത്തുകളിൽ നാല് ഡിവിഷനുകൾ ബി.ഡി.ജെ.എസിന് നൽകാമെന്നായിരുന്നു ബി.ജെ.പി നിലപാട്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നാല് അസംബ്ളി മണ്ഡലങ്ങളിൽ മത്സരിച്ച ബി.ഡി.ജെ.എസിന് ജില്ലാ പഞ്ചായത്തിൽ അഞ്ച് സീറ്രുകൾ നൽകണമെന്ന നിലപാട് നേതൃത്വം ആവർത്തിച്ചു. മാത്രവുമല്ല, ലോക് സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥി നേടിയ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ കണക്കും അവർ നിരത്തുന്നു. മാവേലിക്കര അസംബ്ളി മണ്ഡലത്തിലെ ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിൽ 60 സീറ്റുകളെങ്കിലും നൽകണമെന്ന ആവശ്യം അംഗീകരിക്കാൻ ബി.ജെ.പി നേതൃത്വം തയ്യാറാവാത്തതാണ് ബി.ഡി.ജെ.എസിന്റെ അസംതൃപ്തിക്ക് കാരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മാരത്തോൺ ചർച്ചകളാണ് രണ്ട് പാർട്ടികളുടെയും നേതാക്കൾ നടത്തുന്നത്.