manikyan

പൂച്ചാക്കൽ: വെറ്റിലക്കൊടി ക്ക് ഏറ്റം കെട്ടാൻ കയറും കമ്പിയുമായി തെങ്ങിൽ കയറിയ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷിച്ചു. പാണാവള്ളി വല്യാറ ലക്ഷം വീട് കോളനിയിലെ മാണിക്യൻ എന്നു വിളിക്കുന്ന ബിനീഷിനെയാണ് രക്ഷപ്പെടുത്തിയത്.

ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് പാണാവള്ളി എട്ടാം വാർഡിൽ വാൽപ്പറമ്പിൽ മധുസൂദനന്റെ വീട്ടിലായിരുന്നു സംഭവം. വിളവെടുപ്പിന് പാകമായ വെറ്റിലക്കൊടി തെങ്ങിലേക്ക് വലിച്ചുകെട്ടുന്നതിനാണ് കൃഷി കാര്യങ്ങളിൽ സഹായിക്കുന്ന മാണിക്യനെത്തിയത്. തെങ്ങിൽ പ്രത്യേകം തയ്യാറാക്കിയ വെച്ചുകെട്ടിൽ ഇരുന്ന് ജോലി ചെയ്യവെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തെങ്ങിൽ നിന്നും ഇറങ്ങാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പൂച്ചാക്കൽ പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ ഇടപെടലിനെ തുടർന്ന് അരൂരിൽ നിന്നും ചേർത്തലയിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി നാലു മണിയോടെ മാണിക്യനെ താഴെയിറക്കി. അരൂർ സ്റ്റേഷൻ ഓഫീസർ ആർ.ബാബു, ചേർത്തല അസി. സ്റ്റേഷൻ ഓഫീസർ പി. ഷിബു എന്നിവർ നേതൃത്വം നൽകി.