ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
ആലപ്പുഴ: പ്രായമായവരിൽ കൊവിഡ് സങ്കീർണ്ണമാവുകയും മരണകാരണമാവുകയും ചെയ്യാനുള്ള സാദ്ധ്യത ഏറെയായതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊവിഡ് മൂലം മരിക്കുന്ന വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായാണ് സൂചന. ജില്ലയിലെ കൊവിഡ് മരണങ്ങളിൽ 87 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരാണ്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 15 ശതമാനം വയോജനങ്ങളുണ്ട്. പ്രായമായവർ വീടിന് പുറത്തിറങ്ങുക, അയൽപക്കസന്ദർശനം, ബന്ധുഗൃഹ സന്ദർശനം, ചടങ്ങുകളിൽ പങ്കെടുക്കുക എന്നിവയൊഴിവാക്കുക. സ്വയം മറ്റുള്ളവരിൽ നിന്നുമൊഴിഞ്ഞുമാറി സുരക്ഷിതരാകുക. നിലവിൽ കഴിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക. സാധാരണയിൽ നിന്നും വ്യത്യസ്തമായി എന്ത് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായാലും ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം.