ആലപ്പുഴ: ആകാശവാണിയുടെ ആലപ്പുഴ പ്രസരണി നിലയം അടച്ചുപൂട്ടാനുള്ള തീരുമാനം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മരവിപ്പിച്ചതായി എ.എം. ആരിഫ് എം.പി അറിയിച്ചു. പ്രസാർഭാരതിയുടെ സോണൽ ഓഫീസിൽ നിന്നു തീരുമാനം ഫോണിലൂടെ അറിയിക്കുകയായിരുന്നു. ആലപ്പുഴ നിലയം അടച്ചുപൂട്ടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസാർഭാരതി സി.ഇ.ഒ ശശി ശേഖറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ എം.പി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പ്രസാർ ഭാരതി പിന്നോട്ട് പോയത്. അടച്ചുപൂട്ടാനുള്ള തീരുമാനം പൂർണ്ണമായും പിൻവലിക്കുന്നതുവരെ സമ്മർദ്ദം തുടരുമെന്ന് എം.പി അറിയിച്ചു.
ഇന്നലെ വൈകിട്ട് കലവൂരിലെ ആകാശവാണി നിലയം സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രസാർഭാരതി തീരുമാനം മരവിപ്പിച്ച കാര്യം വിശദീകരിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ചെന്നിത്തല, കാർഷിക, മത്സ്യബന്ധന മേഖലകളിലെ തൊഴിലാളികൾക്ക് പ്രസാർ ഭാരതിയുടെ തീരുമാനം തിരിച്ചടിയാകുമെന്ന് ബോദ്ധ്യപ്പെടുത്തി. പ്രക്ഷേപണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതലങ്ങളിൽ നിന്നു വന്ന റിപ്പോർട്ടുകൾ ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവിനെ കാണിച്ചു. തുടർന്ന് പ്രസാർഭാരതി സി.ഇ.ഒയെ ഫോണിൽ വിളിച്ച് നിലയം അടച്ചുപൂട്ടാനുള്ള നിർദ്ദേശം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടച്ചു പൂട്ടില്ലെന്നും തൽസ്ഥിതി തുടരുമെന്നും സി.ഇ.ഒ വ്യക്തമാക്കി. പിന്നാലെ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് രേഖാമൂലമുള്ള ഉത്തരവുമെത്തി