s

വ്യായാമ പ്രേമികൾ സൈക്ളിംഗിലേക്ക്

ആലപ്പുഴ: ജിംനേഷ്യങ്ങളിലെ അഭ്യാസവും പുലർകാല നടത്തവും കൊവിഡ് പശ്ചാത്തലത്തിൽ പരുങ്ങലിലായപ്പോൾ, സൈക്ളിംഗിലേക്കു കടന്നിരിക്കുകയാണ് പ്രായഭേദമില്ലാതെ

ഭൂരിഭാഗം വ്യായാമ പ്രേമികളും. ഇതോടെ സൈക്കിളുകൾക്കും ഡിമാൻഡ് കൂടി. ഉല്ലാസത്തിനൊപ്പം മാനസിക സംഘർഷം കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ ലഘൂകരിക്കാനും സൈക്ളിംഗ് ഒറ്റമൂലിയാണെന്ന അറിവാണ് പലരെയും ആകർഷിക്കുന്നത്.

ലോക്ക്ഡൗൺ കാലത്തെ വീട്ടിലിരിപ്പു കാരണം പലവിധ രോഗങ്ങളാണ് പടികടന്നെത്തിയത്. ഇക്കാലത്ത് ആഹാര നിയന്ത്രണവും വ്യായാമവും പലരും മറന്നു. ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബ്ബുകളും ഫിറ്റ്നസ് സെന്ററുകളും അടച്ചിട്ടതാണ് പൊടുന്നനെയുള്ള പ്രതിസന്ധിക്ക് കാരണമായത്. നടത്തം ഒന്നാംഘട്ടത്തിൽ മുന്നിൽ നിന്നെങ്കിലും അനാവശ്യ കലോറി ഇല്ലാതാക്കാൻ സൈക്ളിംഗാണ് മെച്ചപ്പെട്ട മാർഗ്ഗമെന്ന തിരിച്ചറിവ് സ്ത്രീകളെ ഉൾപ്പെടെ ഇങ്ങോട്ട് ആകർഷിച്ചു.

യുവാക്കൾക്കാണ് സൈക്കിൾ സവാരിയിൽ കൂടുതൽ താത്പര്യമെങ്കിലും ഈ പാത പിന്തുടർന്ന് യുവതികളും മുതിർന്ന സ്ത്രീകളും സൈക്ളിംഗ് പഠിച്ച് രംഗത്തിറങ്ങിത്തുടങ്ങി.

സൈക്കിളിന് ഡിമാൻഡ് കൂടിയതോടെ കൊവിഡ് കാലത്ത് വ്യാപാരം ഇരട്ടിയോളമായെന്ന് വ്യാപാരികൾ പറയുന്നു. 4000 മുതൽ 30,000 രൂപ വരെയുള്ള സൈക്കിളുകളുണ്ട്.

യുവാക്കളുടെ കൂട്ടായ്മ പലേടത്തും സൈക്കിൾ റൈഡേഴ്‌സ് ക്ളബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്. നല്ല വ്യായാമം ലഭിക്കുന്നതോടൊപ്പം പരിസ്ഥിതിക്ക് ഹാനികരമല്ലെന്നതും പ്രിയം കൂട്ടുന്നു. പഠനം ഓൺലൈനായതോടെ വീട്ടിലിരുന്ന് മുഷിയുന്ന കുട്ടികൾക്കും ബോറടി മോചനത്തിനുള്ള ഉപാധിയായിരിക്കുകയാണ് സൈക്കിൾ.

ഹൃദയം കാക്കും

നടത്തവും ജോഗിംഗും പോലെ ഹൃദയ ധമനികളുടെ പ്രവർത്തനങ്ങൾക്ക് ഉത്തമമാണ് സൈക്‌ളിംഗും. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും കൂടുതൽ ഉന്മേഷം ലഭിക്കുകയും ചെയ്യും. കാലിന്റെ മസിലുകൾക്കും നടുവിനും ഒക്കെ വ്യായാമം നല്ലതാണ്. സൈക്കിൾ ചവിട്ടുന്നതോടെ വയർ, അരക്കെട്ട്, കാൽ മസിലുകൾ ഉൾപ്പെടുന്ന ഭാഗത്ത് ഉറപ്പ് കൂടും.

നേട്ടങ്ങൾ

 സൈക്‌ളിംഗ് മാനസിക സമ്മർദം അകറ്റുന്നു

 പ്രമേഹസാദ്ധ്യതയും രക്താതിസമ്മർദ്ദവും കുറയ്ക്കുന്നു

 പേശികളുടെ ശക്തി കൂട്ടുന്നു

 ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു

 ശ്വാസകോശ ക്ഷമത കൂട്ടുന്നു

 ശബ്ദമലിനീകരണം ഇല്ല

കൊവിഡ് കാലത്ത് ആരോഗ്യ പരിചരണം മുടങ്ങിയതോടെ പലരും കണ്ടെത്തിയ മാർഗമാണ് സൈക്ളിംഗ്. സമ്പർക്കമില്ലാതെ യാത്ര ചെയ്യാമെന്ന സൗകര്യമാണ് സൈക്കിൾ സവാരിയിലെ മെച്ചം. സൈക്കിൾ റൈഡേഴ്സ് വാട്സാപ് കൂട്ടായ്മയിൽ ചെറു പ്രായത്തിലുള്ളവർ മുതൽ 60 വയസ് പിന്നിട്ടവരുമുണ്ട്

(വിഷ്ണു,സൈക്കിൾ റൈഡേഴ്സ് വാട്സാപ് കൂട്ടായ്മ അംഗം)