കവർന്നത് 34,000 രൂപ, ഇറാനിലെ മൂല്യം 1.91 കോടി!
ചേർത്തല: വ്യാപാര സ്ഥാപനത്തിലെ കാഷ് കൗണ്ടറിൽ വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി 34,000 രൂപ അപഹരിച്ച നാല് ഇറാൻ സ്വദേശികളെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്‌സലൻ (23), മോഹ്‌സെൻ സെതാരഹ് (35) എന്നിവരാണ് തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിൽ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ ചേർത്തല വാരനാട് കവലയ്ക്ക് സമീപത്തുള്ള ചെറുപുഷ്പം മെറ്റൽ ഏജൻസീസിൽ നിന്നാണ് പണം തട്ടിയതത്. വിദേശ കറൻസി ഇന്ത്യൻ രൂപയാക്കി മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കടയിലെത്തിയത്. ജീവനക്കാരൻ ആദ്യം 50ന്റെയും പിന്നീട് 500ന്റെയും നോട്ടു കാണിച്ചെങ്കിലും സംഘം വലിയ നോട്ട് ആവശ്യപ്പെട്ടു. 2000ന്റെ നോട്ട് കാണിച്ചപ്പോൾ അതിൽ എഴുത്തുകൾ ഉണ്ടെന്നും വേറെ നോട്ട് കാണിക്കണമെന്നുമായി ആവശ്യം. കടയിലുണ്ടായിരുന്ന 2000ന്റെ 47 നോട്ടിൽ നിന്ന് 30 പുതിയ നോട്ടുകൾ നോക്കാനായി ജീവനക്കാരൻ കൈമാറി. അതിവിദഗ്ദ്ധമായി ജീവനക്കാരുടെ ശ്രദ്ധ തിരിച്ച ശേഷം ഇതിൽ നിന്ന് 17 നോട്ടുകൾ കൈവശപ്പെടുത്തി മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിൽ സംഘം കടന്നു.
കടയുടമയുടെ പരാതിയെ തുടർന്ന് പൊലീസ് കടയിലെയും സമീപത്തെയും സി.സി ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികളുടെയും ഇവർ സഞ്ചരിച്ച വാഹനത്തിന്റെയും ദൃശ്യങ്ങൾ ലഭിച്ചതോടെ സംസ്ഥാനത്തെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. തുടർന്ന് തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിലുള്ളതായി വിവരം ലഭിച്ചു. ഇവരെ ഹോട്ടലിൽ തടഞ്ഞുവച്ച ശേഷം ചേർത്തലയിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് കൈമാറുകയായിരുന്നു. തുടർന്ന് കടയിലെത്തിച്ച് തെളിവെടുത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ശ്രീകുമാർ,എസ്.ഐ എം.ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
1000 ഡോളർ, ഷെവർലെ കാർ
ലോക്ക് ഡൗണിന് മുൻപ് ഇറാനിലെ ടെഹ്‌റാനിൽ നിന്ന് ഡൽഹിയിലെത്തിയ പ്രതികൾ മൂന്ന് മാസം മുമ്പ് സംഘം ചേർന്നാണ് 1000 ഡോളർ മുടക്കി (72,000 രൂപ) 'ഷെവർലെ'കാർ വാങ്ങി യാത്ര തിരിച്ചത്. ബംഗളുരു, മധുര വഴി കഴിഞ്ഞ പത്തിനാണ് കേരളത്തിൽ എത്തിയത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണം വിപുലീകരിക്കാനും നീക്കം തുടങ്ങി. ഇവർ അപഹരിച്ച 34,000 രൂപയ്ക്ക് ഇറാനിൽ 1.91 കോടിയുടെ മൂല്യമുണ്ടെന്നും ഡിസംബർ വരെ പ്രതികൾക്ക് വിസ കാലാവധിയുണ്ടെന്നും പൊലീസ് പറഞ്ഞു.
കേരളത്തിൽ വേറെയും കവർച്ച
പ്രതികൾ പിടിയിലായ വിവരമറിഞ്ഞ് തൃശൂർ, എറണാകുളം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ സമാന തട്ടിപ്പിന് ഇരയായവർ ചേർത്തല പൊലീസുമായി ബന്ധപ്പെടുന്നുണ്ട്. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിൽ അടക്കം വിവിധ ഭാഗങ്ങളിൽ പ്രതികൾ സഞ്ചരിച്ചെന്ന് വ്യക്തമായി. രാജ്യ വ്യാപക കവർച്ചയ്ക്കു ശേഷം പാസ്പോർട്ട് കാലാവധി അവസാനിക്കും മുമ്പ് ഇറാനിലേക്കു കടക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.