tv-r

അരൂർ: എഴുപുന്ന പാറായി കവല ബസ് സ്റ്റോപ്പിന് സമീപത്തെ എസ്.ബി.ഐയുടെ എ.ടി.എമ്മിൽ മോഷണ ശ്രമം. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം എ.ടി.എം തകർത്ത് പണം കവരാനുള്ള ശ്രമം നടത്തിയത്. ഇവരുടെ ദൃശ്യങ്ങൾ മുറിയ്ക്കുള്ളിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റ് ധരിച്ച് ബാഗുമായി എ.ടി.എമ്മിൽ പ്രവേശിച്ച യുവാക്കളിലൊരാൾ പോർട്ടബിൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർക്കാൻ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങി. ഇത് കേട്ട് ഭയന്ന മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വിവരമറിഞ്ഞു അരൂർ പൊലീസ് സംഭവസ്ഥലത്ത് ഉടൻ എത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ എ.ടി.എമ്മിന് കേടുപാടുകളൊന്നുമില്ലെന്നും പണം നഷ്ടമായിട്ടില്ലെന്നും വ്യക്തമായി. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി അരൂർ എസ്.ഐ. ജേക്കബ് പറഞ്ഞു.