കായംകുളം: അമ്മ പുറമേ നിന്നു പൂട്ടിയ വീട്ടിൽ സഹോദരനൊപ്പമുണ്ടായിരുന്ന 10 വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ, തോർത്ത് കഴുത്തിൽ മുറുകി മരിച്ച നിലയിൽ കണ്ടെത്തി. പത്തിയൂർ കിഴക്ക് ചെറിയ പത്തിയൂർ അശ്വതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുൽഫത്ത് (ശാലിനി)- മുഹമ്മദ് അനസ് ദമ്പതികളുടെ മകനായ മുഹമ്മദ് അൻസിലാണ് (10) മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്. അൻസിലിനെയും അനുജൻ മുഹമ്മദ് അജിനെയും (5) വീട്ടിൽ നിറുത്തിയ ശേഷം വീടു പൂട്ടി സുൽഫത്ത് ഇന്നലെ രാവിലെ തൃശൂരിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ് ഇവർ. വീട്ടിൽ കരുതിയിരുന്ന ഭക്ഷണം കുട്ടികൾ രണ്ടുപേരും ഉച്ചയ്ക്ക് കഴിക്കുകയും ശേഷം അജിൻ ഉറങ്ങുകയും ചെയ്തു. ഉണർന്നപ്പോഴാണ് അൻസിൽ അനക്കമറ്റ് കിടക്കുന്നതു കണ്ടത്. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ പിൻവാതിലിലൂടെ വീടിനുള്ളിൽ കയറി. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ ഉപയോഗിച്ചിരുന്ന തോർത്താണ് അൻസിലിന്റെ കഴുത്തിലുണ്ടായിരുന്നത്.

അൻസിലിനെ പത്തിയൂർ ഗവ.ഹൈസ്കൂൾ അഞ്ചാം ക്ലാസിൽ അടുത്തിടെയാണ് ചേർത്തത്. സുൽഫത്തും ഭർത്താവും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയിലാണ്. കരീലക്കുളങ്ങര സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.