s

സ്ഥാനാർത്ഥികൾ കൂട്ടത്തോടെ സ്റ്റുഡിയോകളിലേക്ക്

ആലപ്പുഴ: പോസ്റ്ററിൽ പതിക്കാനുള്ള കിടിലൻ പടങ്ങൾ പിടിക്കാനും അട‌ിമുടി മാറ്റിയെടുക്കാനും കഴിയുന്ന ആധുനിക സാങ്കേതിക വിദ്യകൾ സ്മാർട്ട് ഫോണുകളിലൂടെ വിരൽത്തുമ്പിലെത്തിയിട്ടും, തിരഞ്ഞെടുപ്പിന്റെ ചൂടും ചൂടും ഇരച്ചു കയറവേ സ്ഥാനാർത്ഥികൾക്ക് പ്രിയം പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെത്തന്നെ. പരിചിതരായ ഫോട്ടോഗ്രാഫർമാർക്കു മുന്നിൽ വെളുക്കെ ചിരിച്ച് സ്ഥാനാർത്ഥികൾ വരി നിൽക്കുകയാണ്. അഞ്ചെട്ടു മാസമായി നിരന്തരം ഉപദ്രവിക്കുന്ന കൊവിഡിന്റെ മുഖത്തടിക്കാനുള്ള ഒരു മാർഗ്ഗമാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ഫോട്ടോഗ്രാഫർമാർക്കു മുന്നിലെത്തിയിരിക്കുന്നത്.

വിവിധ പാർട്ടികൾക്ക് വേണ്ടി സ്ഥിരമായി ഫോട്ടോ എടുക്കുന്ന സ്റ്റുഡിയോകളിലാണ് തിരക്ക് കൂടുതലുള്ളത്. ഇൻ‌ഡോർ, ഔട്ട് ഡോർ എന്നിങ്ങനെയാണ് ഷൂട്ടുകൾ. ഫോട്ടോഗ്രാഫർമാരുടെയും ആധുനിക സംവിധാനങ്ങളുള്ള കാമറ കൈകാര്യം ചെയ്യുന്നവരുടെയും എണ്ണം വർദ്ധിച്ചതോടെ മുമ്പ് ലഭിച്ചുകൊണ്ടിരുന്ന ജോലികൾ ഇപ്പോൾ വിഭജിച്ച് പോവുകയാണെന്ന് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ പറയുന്നു. ചിത്രങ്ങളുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സ്ഥാനാർത്ഥികൾ തയ്യാറല്ല. പോസ്റ്റർ, ബാനർ, അഭ്യർത്ഥന, കാർഡ് തുടങ്ങി വിവിധ പ്രതലങ്ങളിൽ പ്രിന്റ് ചെയ്യപ്പെടുമ്പോൾ ചിത്രത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടരുത്. അതിനാൽ കോപ്പിയായി നേരിട്ട് നൽകുന്നതിന് പകരം, ചിത്രങ്ങൾ ഇ മെയിൽ വഴിയോ, പെൻ ഡ്രൈവിൽ കോപ്പി ചെയ്തോ നൽകുകയാണ് ഭൂരിഭാഗം സ്റ്റുഡിയോകളും ചെയ്യുന്നത്. സീറ്റുറപ്പായ സ്ഥാനാർത്ഥികൾ പലരും വോട്ടറെ തേടിയെത്തും മുമ്പേ പോയത് സ്റ്റുഡിയോകളിലേക്കാണ്.

വെറൈറ്റി വേണമത്രെ!

ചിരിക്കുന്നൊരു മുഖചിത്രം എന്നതിലുപരി പോസ്റ്ററുകളിൽ വെറൈറ്റി കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ പലരും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ചുവരുകളിൽ പ്രത്യക്ഷപ്പെട്ട, എ.എം. ആരിഫിന്റെ 'ലൂസിഫർ' സിനിമ മോഡൽ പോസ്റ്ററുകൾ ശ്രദ്ധേയമായിരുന്നു. ചിരിക്കുന്ന മുഖങ്ങൾ കൂടാതെ നടന്നു വരുന്നത്, ഇരിക്കുന്നത്, കൈ വീശി അഭിവാദ്യം ചെയ്യുന്നത് തുടങ്ങിയവയാണ് പരമ്പരാഗത പോസുകൾ. മുമ്പ് സ്റ്റുഡിയോകൾക്കുള്ളിൽ മാത്രമായി ഒതുങ്ങിയിരുന്ന പടം പിടിത്തം ഇപ്പോൾ പുറത്തേക്ക് വ്യാപിക്കുകയാണ്. ഭാവവ്യത്യാസം അത്രകണ്ട് സാധിക്കാത്തവർ വസ്ത്രത്തിൽ വ്യത്യസ്തത വരുത്തിയാണ് കുറവ് നികത്തുന്നത്. മാറിമാറി ധരിച്ച് ഫോട്ടോ എടുക്കാൻ നാലോ അഞ്ചോ സാരികളും ഷർട്ടുകളുമായി സ്റ്റുഡിയോയിലെത്തുന്ന സ്ഥാനാർത്ഥികളുണ്ട്. വസ്ത്രം മാറി ധരിച്ച ശേഷമുള്ള ഫോട്ടോയുടെ നിരക്കിലും വ്യത്യാസം വരും.

വ്യക്തത, അതാണ് മുഖ്യം

ലഭ്യമായ ഏറ്റവും മികച്ച കാമറകളാണ് സ്ഥാനാർത്ഥികൾക്കായി ഉപയോഗിക്കുന്നത്. കാനൺ വൺ ഡി എക്സും, ആർ ഫൈവുമൊക്കെയാണ് കളത്തിലുള്ളത്. ഷൂട്ട് കഴിഞ്ഞ് ഒരു വസ്ത്രത്തിലുള്ള ഒറ്റപ്പടം തയ്യാറാക്കി നൽകാൻ 500 രൂപയാണ് സാധാരണ നിരക്ക്. ഗ്രാമപ്രദേശങ്ങളിൽ ഇതിലും കുറവിൽ ഫോട്ടോ തയ്യാറാക്കി നൽകുന്ന സ്റ്റുഡിയോകളുണ്ട്. ആംഗിളുകളും, വസ്ത്രവും മാറുന്നതനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. ഫോട്ടോകൾക്കുള്ള തുക മിക്കവാറും സ്ഥാനാർത്ഥികൾ സ്വന്തം കീശയിൽ നിന്നുതന്നെ മുടക്കേണ്ടി വരും.

ഫോട്ടോഗ്രഫി രംഗത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്നവർ ധാരാളമുണ്ട്. പഴയ കാല തിരഞ്ഞെടുപ്പുകളിൽ സ്റ്റുഡിയോകൾക്ക് മാത്രം വർക്ക് ലഭിച്ചിരുന്ന സ്ഥാനത്ത്, ഇന്നത് പലരിലേക്ക് വിഭജിക്കുകയാണ്. എല്ലാവരുടെ കൈയിലും മികച്ച കാമറകളുമുണ്ട്

സാബു, ഭാസി സ്റ്റുഡിയോ, മുഹമ്മ

സ്ഥാനാർത്ഥി നിർണയമായതോടെ പലരും ഫോട്ടോ എടുക്കാൻ എത്തിത്തുടങ്ങി. ഔട്ട് ഡോർ ഷൂട്ടാണ് അധികവും ചെയ്യുന്നത്. ഭൂരിഭാഗം പേർക്കും വിവിധ തരം വസ്ത്രങ്ങളിലുള്ള ഫോട്ടോകളാണ് ആവശ്യം

സന്ധ്യ, സന്ധ്യ ഡിജിറ്റൽ സ്റ്റുഡിയോ, കരുവാറ്റ