ആലപ്പുഴ : ഉദ്യോഗസ്ഥ ഭരണം നിലവിൽ വന്നതോടെ തദ്ദേശ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി നിർവഹിക്കേണ്ട ചുമതലകൾ വ്യക്തമാക്കി മാർഗനിർദ്ദേശങ്ങളിറക്കി. ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതലയാണ് പ്രധാനമായും കമ്മിറ്റികൾ നിർവഹിക്കേണ്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് ചെലവ് നീർവഹണം അടക്കമുള്ള ജോലികൾ കമ്മിറ്റിയുടെ ചുമതലയിൽപ്പെടും. കൂടാതെ ക്ഷേമ പെൻഷൻ ഉൾപ്പടെയുള്ളവ തടസമില്ലാതെ വിതരണം ചെയ്യണം.
കൊവിഡ് കെയർ സെന്ററുകളുടെ നിയന്ത്രണവും ഏകോപനവും, സാന്ത്വന ചികിത്സാ രംഗത്ത് ശ്രദ്ധ പതിപ്പിക്കൽ, ഫീൽഡുതല കൊവിഡ് പരിശോധനയുടെ ഏകോപനം, റിവേഴ്സ് ക്വാറന്റീൻ നീരീക്ഷണവും ഇടപെടലും, നിയന്ത്രണ മേഖലയിലെ പ്രാദേശിക പ്രശനങ്ങൾ പരിഹരിക്കൽ, ദുരന്ത നിവാരണ അതോറിട്ടിയുമായും മെഡിക്കൽ ഓഫീസറുമായും വിവര വിനിമയ ഏകോപനം എന്നിവയാണ് കൊവിഡുമായി ബന്ധപ്പെട്ട് നിർദ്ദേശിച്ചിരിക്കുന്ന അധിക ചുമതലകൾ.
അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ
അധികാരങ്ങൾ
തിരഞ്ഞെടുപ്പ് ചെലവുകളുടെ നിർവഹണം
ജീവനക്കാർക്കുള്ള ശമ്പളം, പെൻഷൻ, യാത്രാപ്പടി എന്നിവ നൽകൽ
വായ്പയുടെ തിരിച്ചടവും പലിശയും നൽകൽ
പെൻഷൻ പദ്ധതിയിലും ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപ്പെട്ടിട്ടുള്ളവർക്ക് തുക നൽകൽ
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം നൽകൽ
വൃദ്ധസദനങ്ങൾ, ബാലഭവനുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്കുള്ള ദൈനംദിന ചെലവുകൾ
ദിവസ വേതനക്കാരുടെ വേതനം നൽകൽ
കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുക്കൽ