 തർക്കത്തിനും വഴിവയ്ക്കുമെന്ന് ആശങ്ക

ആലപ്പുഴ: അത്യാവശ്യ ഘട്ടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്രക്കാരെ നിർത്തി യാത്ര അനുവദിച്ച് ഉത്തരവായി. വിവിധയിടങ്ങളിൽ ബസിൽ കയറാൻ കഴിയാതെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കം പതിവായ സാഹചര്യത്തിലാണ് കോർപ്പറേഷന്റെ പുതിയ തീരുമാനം . ഒരു ബസിൽ 9 യാത്രക്കാർക്ക് ഒരു സമയം നിന്ന് യാത്ര ചെയ്യാം. എന്നാൽ പുതിയ തീരുമാനം തർക്കം വർദ്ധിക്കാൻ ഇടയാക്കുമോ എന്നാണ് ആശങ്ക . നിലവിൽ സീറ്റിംഗ് കപ്പാസിറ്റി കഴിഞ്ഞാൽ യാത്രക്കാരെ ബസിൽ പ്രവേശിപ്പിക്കാറില്ല. എന്നാൽ നിന്ന് യാത്ര ചെയ്യാൻ അനുമതി നൽകുന്നതോടെ ഒൻപത് പേരിൽ എണ്ണം നിയന്ത്രിക്കുന്നത് പ്രയാസമാകും. പന്ത്രണ്ട് മീറ്റർ നീളമുള്ള ബസിൽ രണ്ട് മീറ്റർ ഡ്രൈവർ കാബിൻ കഴിഞ്ഞാൽ ബാക്കിയുള്ള പത്ത് മീറ്റർ ദൈർഘ്യത്തിൽ ഒരു മീറ്റർ ഇടവിട്ട് മാസ്ക്ക്, സാനിട്ടൈസർ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും 9 യാത്രക്കാരെ നിർത്തി കൊണ്ടുപോകാമെന്നാണ് ഉത്തരവ്.