ആലപ്പുഴ: വീട്ടിൽ 10 വയസുകാരനെ കഴുത്തിൽ തോർത്ത് മുറുകി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ, പത്തിയൂർ അശ്വതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുൽഫത്തിനെതിരെ (ശാലിനി) നിയമ നടപടി സ്വീകരിക്കാൻ ശിശുക്ഷേമ സമിതിയുടെ (സി.ഡബ്യു.സി) ഉത്തരവ്. ഇളയ കുട്ടിയുടെ താത്കാലിക സംരക്ഷണം പിതാവ് മുഹമ്മദ് അനസിനെ ഏൽപ്പിക്കുകയും ചെയ്തു.
കുട്ടിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അച്ഛന് അനുമതി നൽകി. കുട്ടികളെ വീട്ടിൽ തനിച്ചാക്കി അമ്മ തൃശൂരിലേക്ക് പോയത് തികഞ്ഞ നിരുത്തരവാദപരമായ സമീപനമാണെന്ന് സമിതി വിലയിരുത്തി. മാതാപിതാക്കളുടെ വിവാഹമോചനക്കേസ് തൃശൂർ കോടതിയുടെ പരിഗണനയിലാണ്. കുട്ടികളെ ഒപ്പം നിറുത്തിയിരിക്കുന്നതിനാൽ അവരെ സംരക്ഷിക്കാനുള്ള പൂർണ ഉത്തരവാദിത്തം അമ്മയ്ക്കുണ്ടായിരുന്നുവെന്ന് സമിതി വ്യക്തമാക്കി. വ്യാഴാഴ്ച് വൈകിട്ട് നാല് മണിയോടെയാണ് പത്ത് വയസുകാരൻ അൻസിലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.