ആലപ്പുഴ: സംസ്ഥാന ബാലാവകാശ കമ്മിഷനും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി ഇന്ന് മുതൽ 20 വരെ 'മഞ്ചാടി 2020' ബാലാവകാശ വാരാചരണമായി ആചരിക്കും. ഇതിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കുട്ടികൾക്കായി ഓൺലൈനിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.
ഇന്ന് പെയിന്റിംഗ് (വാട്ടർ കളർ) മത്സരത്തിൽ 5 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ വാട്ടർ കളർ ഉപയോഗിച്ച് ചാച്ചാജിയുടെ ചിത്രവും ചിത്രം വരച്ചതിന്റെ വീഡിയോയും അയക്കണം.
നാളെ വീഡിയോ ഡോക്യൂമെന്ററി മത്സരം സംഘടിപ്പിക്കും . 12 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.' ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ കൊണ്ട് മനസിലാക്കിയിരിക്കുന്നത് എന്താണ്? ' എന്നതാണ് മത്സര വിഷയം. മൂന്ന് മിനിറ്റിൽ കവിയാത്ത വീഡിയോ ആയിരിക്കണം.
16ന് കൊളാഷ് നിർമ്മാണ മത്സരം. കുട്ടികളുടെ അവകാശങ്ങളും കടമകളും വ്യക്തമാക്കുന്ന കൊളാഷ് നിർമ്മിക്കണം. വാർത്ത പത്റങ്ങളുടെ ചെറുകഷ്ണങ്ങൾ,വർണ്ണകടലാസുകൾ, ചിത്രങ്ങൾ എന്നിവ ഉപയോഗിച്ച് ചാർട്ട് പേപ്പറിലാണ് കൊളാഷ് നിർമ്മിക്കേണ്ടത്. 12വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
17ന് സ്കിറ്റ് മത്സരം സംഘടിപ്പിക്കും.
ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം. ലോക്ക്ഡൗണും ഓൺലൈൻ ക്ലാസും എന്നതാണ് വിഷയം. പത്തിലധികം കുട്ടികൾ പങ്കെടുക്കാൻ പാടില്ല. സ്കിറ്റ് മലയാള ഭാഷയിലായിരിക്കണം. 18 ന് മാസ്‌ക്ക് നിർമ്മാണ മത്സരം സംഘടിപ്പിക്കും. മാസ്‌ക്ക് നിർമ്മാണ മത്സരത്തിൽ 12 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 9074851773, 0477 2241644.
മത്സര ഇനങ്ങൾ അതത് ദിവസങ്ങളിൽ childrensdaydcpu2020@gmail.com എന്ന ഈമെയിലിൽ കുട്ടികളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി ആധാർ കാർഡിന്റെ പകർപ്പ് സഹിതം വൈകിട്ട് നാലിന് മുമ്പ് അയക്കണം.