അമ്പലപ്പുഴ: നീർക്കുന്നം ഇജാബ മഹൽ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ കുടിവെള്ളം വിതരണം ആരംഭിച്ചു. മഹല്ല് മുൻ പ്രസിഡന്റും ഉപദേശക സമിതി അംഗവുമായ കന്നിമേൽകോണിൽ കെ.എ.അബ്ദുൽ റഹുമാൻ മുസ്ലിയാരുടെ ഭാര്യ പരേതയായ ഫാത്തിമ ബീവിയുടെ സ്മരണാർത്ഥം മക്കളാണ് ആർ.ഒ പ്ലാന്റ് സൗജന്യമായി വാങ്ങി നൽകിയത്.
രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പൊതുജനങ്ങൾക്ക് ഇവിടെ നിന്നു കുടിവെള്ളം ശേഖരിക്കാം. പ്രസിഡന്റ് ഇബ്രാഹിംകുട്ടി വിളക്കേഴത്തിന്റെ അദ്ധ്യക്ഷതയിൽ ഇമാം ഹദിയത്തുള്ളതങ്ങൾ അൽഅയ്ദറൂസി ഉദ്ഘാടനംചെയ്തു. സെക്രട്ടറി ഷരീഫ് മൂത്തേടം, കെ.എ.അബ്ദുൽ റഹുമാൻ മുസ്ലിയാർ, സാദിഖ്ഉലഹൻ, മുൻഗ്രാമപഞ്ചായത്തംഗം ഷമീർ, അബ്ദുൽകരീം വാളംപറമ്പിൽ, ഷഫീഖ് ചേലക്കപ്പള്ളി, ബഷീർ തുടങ്ങിയവർ പങ്കെടുത്തു.