ഹരിപ്പാട്: രാത്രിയിൽ നിറുത്തിയിട്ടിരുന്ന ടാങ്കർ ലോറിയുടെ പിന്നിലിടിച്ച പിക്കപ്പ് വാനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ, അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് രക്ഷിച്ചു.

എറണാകുളം വടുതല സ്വദേശി കിരൺ (29) ആണ് കഴിഞ്ഞദിവസം രാത്രി 9.30ന് നങ്ങ്യാർകുളങ്ങരയുണ്ടായ അപകടത്തിൽപ്പെട്ടത്. പെട്രോൾ ടാങ്കറിന്റെ അടിയിലേക്കാണ് വാൻ ഇടിച്ചുകയറിയത്. കിരൺ ക്യാബിനിൽ അപകടകരമായ നിലയിൽ കുടുങ്ങി. വിവരമറിഞ്ഞ് ഹരിപ്പാട് അഗ്നിശമന സേന നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പിക്കപ്പിന്റെ ഡോറും മുൻവശവും മുറിച്ചുമാറ്റി. ടാങ്കറിന്റെ പിന്നിലെ പൈപ്പ് മുറിച്ച ശേഷം വാൻ വലിച്ചുനീക്കി കിരണിനെ പുറത്തെടുത്ത് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ കരുവാറ്റ കടുവൻകുളങ്ങരയിൽ ഇൻസുലേറ്റഡ് വാൻ മരത്തിലേക്ക് ഇടിച്ചുകയറി ഗതാഗതം തടസപ്പെട്ടത് പുന:സ്ഥാപിക്കുമ്പോഴാണ് ഫയർഫോഴ്സ് അധികൃതർക്ക് നങ്ങ്യാർകുളങ്ങരയിലെ അപകടത്തെ കുറിച്ചുള്ള സന്ദേശം ലഭിക്കുന്നത്. എ.എസ്.ടി.ഒ പി.ജി. ദിലീപ്കുമാർ, ഗ്രേഡ് എ.എസ്.ടി.ഒ ജയ്സൺ പി.ജോൺ, എഫ്.ആർ.ഒമാരായ അരുൺകുമാർ, ഷാബു ജോർജ്ജ്, ഗണേഷ് കുമാർ, ഹരി, പ്രവീൺ, വി. വിശാഖ്, എഫ്.ആർ.ഒമാരായ എച്ച്. അഭിലാഷ്, എച്ച്.ജി. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.