cctv

ചാരുംമൂട് : ജംഗ്ഷനിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കുടുക്കാനായി സ്ഥാപിച്ച സി.സി ടിവി ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങി. പല ഭാഗങ്ങളിലും മാലിന്യ നിക്ഷേപം വർദ്ധിച്ചു വന്ന സാഹചര്യത്തിലാണ് ഭരണിക്കാവ് ബ്‌ളോക്ക് പഞ്ചായത്ത് ഭരണ സമിതി അജൈവ മാലിന്യ ശേഖരണ പദ്ധതി ആരംഭിച്ചത്. ജംഗ്ഷന്റെ നാലു ഭാഗങ്ങളിലും, ലെപ്രസി സാനിട്ടോറിയത്തിനു സമീപവും ബിന്നുകളും ക്യാമറകളും സ്ഥാപിച്ച് പൊതുനിരത്തുകളിലെ മാലിന്യ നിക്ഷേപം ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം.
അജൈവ മാലിന്യങ്ങൾ തരം തിരിച്ചാണ് ബിന്നിൽ നിക്ഷേപിക്കേണ്ടത്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ബിന്നിൽ വ്യക്തമായി എഴുതി വച്ചിട്ടുമുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങൾ അവഗണിച്ച് ചിലർ ഭക്ഷണ അവശിഷ്ടങ്ങൾ, മാംസാവശിഷ്ടങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് കവറുകളിലാക്കി ബിന്നുകൾക്കു ചുറ്റും നിക്ഷേപിക്കുന്നത് പതിവായിരുന്നു.
കാമറകൾ പ്രവർത്തിക്കാൻ തുടങ്ങിതോടെ ഇത്തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കുടുക്കാൻ കഴിയും.

കഴിഞ്ഞ ദിവസം കാറിലെത്തി ബിന്നിന് മുന്നിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ കണ്ടെത്തും.