ലീഗ് മത്സരിക്കുന്നില്ല

ആലപ്പുഴ: ജില്ലാ പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ് സീറ്ര് വിഭജനം ഇന്നലെ വൈകി പൂർത്തിയായി. കോൺഗ്രസ് 21 സീറ്രിലും ആർ.എസ്.പി, കേരള കോൺഗ്രസ് കക്ഷികൾ ഓരോ സീറ്രിലും മത്സരിക്കും. പ്രധാന ഘടകക്ഷിയായ മുസ്ലീം ലീഗ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നില്ല. പകരം രണ്ട് ബ്ളോക്ക് പഞ്ചായത്ത് സീറ്രുകൾ അവർക്ക് അധികം നൽകും.

കേരള കോൺഗ്രസ് ചെട്ടികുളങ്ങരയിലും ആർ.എസ്.പി നൂറനാട്ടുമാവും മത്സരിക്കുക.ലീഗിന് പുന്നപ്ര സീറ്രാണ് നൽകിയത്. എന്നാൽ അമ്പലപ്പുഴ സീറ്റ് വേണമെന്നതായിരുന്നു അവരുടെ ഡിമാൻഡ്.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ചർച്ച ചെയ്തിട്ടും സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് ബ്ളോക്ക് പഞ്ചായത്തിൽ രണ്ട് അധിക സീറ്റുകളെന്ന ഒത്തുതീർപ്പിലെത്തിയത്. ചെങ്ങന്നൂരിലെ ചെറുവല്ലൂരും അരൂക്കുറ്റിയിലെ നദ്‌വത്ത് നഗറിലുമാണ് ലീഗ് മത്സരിക്കുക.

കോൺഗ്രസ് സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ച രാത്രിയിലും നടക്കുകയാണ് . ഇന്ന് മിക്കവാറും പ്രഖ്യാപനം ഉണ്ടാവും.

എൽ.ഡി.എഫിന്റെ ആലപ്പുഴ നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനവും ഇന്നുണ്ടാവും. എന്നാൽ ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മിൽ ഗ്രാമപഞ്ചായത്തു തലത്തിൽ സീറ്റു ധാരണയാവാത്തതുമൂലം എൻ.ഡി.എ സീറ്ര് വിഭജനം ഇന്നും പൂർത്തിയായേക്കില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് നൽകിയ സീറ്രുകൾക്ക് ആനുപാതികമായും ലോക് സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുകളുടെ അടിസ്ഥാനത്തിലും തങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് സീറ്റുകൾ നൽകണമെന്ന ഉറച്ച നിലപാടിലാണ് ബി.ഡി.ജെ.എസ്. മാത്രമല്ല, ജില്ലാ പഞ്ചായത്തിലേക്ക് അഞ്ചു സീറ്രുകളെന്ന ആവശ്യവും അവർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അധികം വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം.