ആലപ്പുഴ: കൊവിഡ് മൂലം വഴിയടഞ്ഞ കലാകാരൻമാർക്ക് പുതുജീവനായിരിക്കുകയാണ് തദ്ദേശ തിരഞ്ഞെടുപ്പ്. വിജയിക്കാൻ ഏതു വഴിയും തിരഞ്ഞെടുക്കുമെന്ന മാനസികാവസ്ഥയിൽ നിൽക്കുന്ന സ്ഥാനാർത്ഥികളെയും പാർട്ടി നേതൃത്വത്തെയും കയ്യിലെടുത്ത് നിലവിലെ പ്രതിസന്ധി തരണം ചെയ്യാമെന്ന പ്രതീക്ഷയിലാണ് കലാകാരൻമാർ.
സ്റ്റുഡിയോകളും പാട്ടെഴുതുന്നവരും ഗായകരും വാദ്യോപകരണങ്ങൾ വായിക്കുന്നവരും സജീവമായിക്കഴിഞ്ഞു. വോട്ട് ചോദിക്കാൻ വീട്ടുപടിക്കലെത്തിയിരുന്ന കാലമൊക്കെ കടന്ന സ്ഥാനാർത്ഥികൾ ഇപ്പോൾ 'വൈറൽ' ലക്ഷ്യമിട്ടുള്ള വീഡിയോകൾ നിർമ്മിക്കാനുള്ള തിരക്കിലാണ്. ഗ്രാമപഞ്ചായത്ത് തലം മുതൽ മത്സരിക്കുന്നവർക്കെല്ലാം ഇക്കാര്യത്തിൽ ഒരേ മനസാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കലാകാരൻമാർ മറ്റൊരു തൊഴിൽ തേടി അലയേണ്ടിവരില്ല. പ്രാദേശികമായ വിഷയങ്ങൾ അടിസ്ഥാനമാക്കി സ്ഥാനാർത്ഥിയുടെ പേര്, മുന്നണി, നേട്ടങ്ങൾ, വിമർശനങ്ങൾ ഇവയെല്ലാം കണക്കിലെടുത്താണ് പാട്ടുകൾ തയ്യാറാക്കുന്നത്.
ഓൺലൈൻ പ്രചാരണത്തിനുള്ള പാരഡി ഗാനങ്ങൾ, ആനിമേഷൻ വീഡിയോകൾ,വീഡിയോ ബൈറ്റ്സ്, ഡോക്യുമെന്ററി,അനൗൺസ്മെന്റ്, ഫോട്ടോ കാർഡ് എന്നിവയാണ് ലിസ്റ്റിലുള്ളത്. ചുരുങ്ങിയ സെക്കൻഡുകൾ മാത്രുള്ള കാപ്‌സ്യൂൾ വീഡിയോ മുതൽ 10 മിനിറ്റ് ദൈർഘ്യമുള്ള പ്രൊഫൈൽ വീഡിയോകൾ വരെ ആവശ്യപ്പെടുന്നവരുണ്ട്. സ്റ്റാറ്റസ് വീഡീയോകൾക്കാളാണ് ആവശ്യക്കാർ കൂടുതൽ. ഇത് 50 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യം വരും.
വിദേശത്തിരുന്നും പങ്കെടുക്കാം
പ്രചാരണം ഓൺലൈൻ ആകുമ്പോൾ ചെലവ് കുറയ്ക്കുന്നതിനൊപ്പം നടന്നു ക്ഷീണിക്കാതെ വോട്ടു പിടിക്കാമെന്നൊരു മെച്ചമുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുകയുമാകാം. വാട്‌സാപ് ഗ്രൂപ്പുകളും ഫെയ്‌സ്ബുക്കും സ്ഥാനാർത്ഥികളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞു. വിദേശത്തുള്ള പാർട്ടി പ്രവർത്തകർക്കും സജീവമായി പങ്കെടുക്കാമെന്നതാണ് ഓൺലൈൻ പ്രചാരണത്തിന്റെ ഗുണം. നാടൻപാട്ട്, മാപ്പിളപ്പാട്ട്, സിനിമാപ്പാട്ട് എന്നിവയുടെ ഈണത്തിലാണ് പാരഡി ഗാനങ്ങൾ ഒരുക്കുന്നത്.
.........................
# നിരക്കുകൾ
വീഡിയോ പാരഡി: ₹ 4000
പാരഡി പാട്ട്: ₹ 2000
അനൗൺസ്‌മെന്റ്: ₹ 2000 (ഒരു മണിക്കൂർ)
ഡോക്യുമെന്ററി:₹ 3000
വീഡിയോ ബൈറ്റ്സ്: ₹ 1000
ഫോട്ടോ കാർഡ്: ₹ 1000
ആനിമേഷൻ വീഡിയോ: ₹ 500 (50 സെക്കൻഡ്)
.....................
തദ്ദേശ തിരഞ്ഞെടുപ്പ് ശബ്ദകലാകാരൻമാർക്ക് അനുഗ്രഹമായിത്തീരുകയാണ്. സ്റ്റേജ് കലാകാരൻമാരുടെ അതിജീവന കാലമെന്നു വേണമെങ്കിൽ പറയാം. പട്ടിണിയിലായ നിരവധി കലാകാര കുടുംബങ്ങളാണ് പ്രതീക്ഷയോടെ രംഗത്തുള്ളത്
(ദീപു രാജ് ആലപ്പുഴ, സ്റ്റേജ് ആർട്ടിസ്റ്റ്)