ആലപ്പുഴ: നിക്ഷേപ തട്ടിപ്പിനെ തുടർന്ന് പ്രവർത്തനം നിലച്ച മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ നിക്ഷേപകർ ശക്തമായ സമരത്തിലേക്ക് നീങ്ങും. 19 ന് രാവിലെ 10 ന് സമരത്തിന് തുടക്കമാവുമെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തങ്ങളുടെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും ബാങ്ക് സുഗമമായി പ്രവർത്തിക്കാനുമുള്ള നിരവധി നിർദ്ദേശങ്ങൾ പതിയ ഭരണസമിതി മുമ്പാകെ വച്ചെങ്കിലും അവർ യാതൊരു താത്പര്യവും കാട്ടിയില്ല. പ്രസിഡന്റ്, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ എന്നിവരെയല്ലാം സമീപിച്ചിട്ടും ഫലമില്ല. പലവിധ കപടനാട്യങ്ങളും കാട്ടി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വരെ സമയം നീട്ടുക , തുടർന്ന് ബാങ്ക് ലിക്വിഡേറ്റ് ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാക്കുക എന്നതാണ് അവരുടെ തന്ത്രം. നിക്ഷേപ തട്ടിപ്പുകേസിലെ ഒന്നാം പ്രതിയായ തഴക്കര ബ്രാഞ്ച് മുൻ മാനേജർ ജ്യോതി മധുവും മറ്ര് പല രാഷ്ട്രീയ പ്രമുഖരും ഈ ഗൂഢാലോചനയിൽ കൂട്ടാളികളായുണ്ട്.രാഷ്ട്രീയ സ്വാധീനമുള്ള പല പ്രമുഖരുടെയെും പേരിൽ വർഷങ്ങൾക്ക് മുമ്പ് എടുത്തിട്ടുള്ള വലിയ വായ്പകൾ ഈടാക്കാൻ യാതൊരു ശ്രമവും നടക്കുന്നില്ല.
ജില്ലയിലെ മന്ത്രിമാരെയും സഹകരണവകുപ്പ് മന്ത്രിയെയും നേരിൽ കണ്ട് സങ്കടം അറിയിച്ചെങ്കിലും ഒരു ഫലവുമില്ല. ഈ സാഹചര്യത്തിലാണ് ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന നിസ്സഹായരായ നിക്ഷേപകർ സമരത്തിന് തയ്യാറാവുന്നതെന്നും അവർ വ്യക്തമാക്കി.
നിക്ഷേപക കൂട്ടായ്മ കൺവീനർ ജയകുമാർ.ബി, ഭാരവാഹികളായ ഡോ.പി.കെ ജനാർദ്ദനക്കുറുപ്പ്, എം.വിനയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.