വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം
ആലപ്പുഴ:ആലപ്പുഴ നഗരസഭയിലെ ഇടതു മുന്നണി സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഘടക കക്ഷികൾ മത്സരിക്കുന്ന മൂന്ന് സീറ്രുകളിലെ സ്ഥാനാർത്ഥികളെ (തത്തംപള്ളി, പുന്തോപ്പ്, വട്ടയാൽ വാർഡുകളിലെ ) ഇന്ന് പ്രഖ്യാപിക്കും.
52 അംഗ കൗൺസിലിലേക്ക് സി.പി.എം 31 വാർഡികളിൽ മത്സരിക്കും. സി.പി.ഐ -14ഉം കേരള കോൺഗ്രസ് (ജോസ്) രണ്ടും സീറ്രുകളിലും എൻ.സി.പി, ജനതാദൾ, ലോക് താന്ത്രിക് ജനതാദൾ, ജെ.എസ്.എസ്, ഐ.എൻ.എൽ കക്ഷികൾ ഓരോ സീറ്രിലുമാണ് മത്സരിക്കുക.65 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.പി.ചിത്തരഞ്ജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുവജനങ്ങൾക്കും വലിയ പങ്കാളിത്തമാണ് നൽകിയിട്ടുള്ളത്. ആലപ്പുഴ നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള എൽ.ഡി.എഫ് പ്രകടന പത്രിക പ്രസിദ്ധീകരിക്കും.നവംബർ 17 ന് വൈകിട്ട് അഞ്ചിന് ആലുക്കാസ് ഗ്രൗണ്ടിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. 20ന് പ്രകടന പത്രിക മന്ത്രി ജി.സുധാകരൻ പ്രകാശനം ചെയ്യും.25 ന് മന്ത്രി പി.തിലോത്തമൻ പങ്കെടുക്കുന്ന പ്രചാരണ പരിപാടിയും സംഘടിപ്പിക്കും.
കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ആലപ്പുഴ നഗരത്തിന്റെ വികസനത്തിനായി 2523 കോടി രൂപയുടെ പദ്ധതികൾ എൽ. ഡി.എഫ് സർക്കാർ അനുവദിച്ചിട്ടുണ്ട്. വികസന കാര്യങ്ങളിൽ നഗരത്തെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ശ്ളാഘനീയ സമീപനമാണ് സ്വീകരിച്ചത്. സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു മുനിസിപ്പൽ ഭരണമാണ് വരേണ്ടതെന്നും ചിത്തരഞ്ജൻ പറഞ്ഞു.
കമ്മിറ്റി പ്രസിഡന്റ് സത്യനേശൻ, വിവിധകക്ഷി നേതാക്കളായ ഡി.ലക്ഷ്മണൻ,പി.ജെ.കുര്യൻ, എസ്.വാസുദേവൻ നായർ, അജയ് സുധീന്ദ്രൻ, ഫാസിൽ, വി.ബി.അശോകൻ തുടങ്ങിയവരും പങ്കെടുത്തു.