ആലപ്പുഴ:കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജീവിതം വഴിമുട്ടിയ കലാകാരൻമാർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു നഗര ചത്വരത്തിൽ 'ഒറ്റക്കെട്ടിൽ ഒറ്റപ്പാട്ട് "എന്ന പരിപാടി നടന്നു. അദ്ധ്യാപകനും കവിയുമായ പുന്നപ്ര ജ്യോതികുമാർ എഴുതിയ 'ഇരുളിനപ്പുറം നമുക്ക് വെളിച്ചമുണ്ടതോർക്കണം..." എന്നു തുടങ്ങുന്ന ഗാനം കേരളത്തിലെ നാടൻപാട്ടു സംഘങ്ങളും കലാകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും ഫേസ് ബുക്കിലൂടെ പാടി പിന്തുണ അറിയിച്ചു. ഒരേ വരികൾക്ക് അവരുടെ യോജ്യമായ രീതിയിൽ വ്യത്യസ്തങ്ങളായ രീതിയിൽ ഈണം പകർന്നാണ് ഒറ്റപ്പാട്ടിൽ പങ്കുചേർന്നത്. ഇതിന്റെ ഭാഗമായി നടന്ന സംഗമത്തിന് സംഗീത സംവിധായകൻ ആലപ്പി സുരേഷ് നേതൃത്വം നൽകി. മധു തോട്ടാമഠം, സുനിൽ മംഗലം, രാജേഷ് ചാത്തനെഴത്ത്, പി. അനിൽകുമാർ,പുന്നപ്ര ജ്യോതികുമാർ, ബൈജു ഹരിതചന്ദന, നന്മക്കൂട് സെക്രട്ടറി എസ്.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. നന്മക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ കരുതലായി 15 കലാകാരൻമാർക്ക് ആവശ്യ സഹായങ്ങൾ ഉടൻ നൽകുമെന്ന് സെക്രട്ടറി എസ്.ബാലകൃഷ്ണൻ പറഞ്ഞു.