muni-narayana-prasad

മാവേലിക്കര: അദ്വൈത മതാചാര്യനായിരുന്ന ധർമ്മാനന്ദഗുരുവിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ശിഷ്യൻ ഗുരു ജ്ഞാനാനന്ദൻ സ്വാമി ഏർപ്പെടുത്തിയ പ്രഥമ ആചാര്യപുരസ്‌കാരത്തിന് മുനി നാരായണ പ്രസാദിനെ തിരഞ്ഞെടുത്തു. പണ്ഡിതശ്രേഷ്ഠനും വർക്കല നാരായണഗുരുകുലത്തിന്റെ ആചാര്യനും നൂറിൽപ്പരം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ രചയിതാവും ശ്രീനാരായണ ധർമ്മ പ്രചാരകനുമാണ് മുനി നാരായണ പ്രസാദ്. ഒരു ലക്ഷം രൂപയും അമൂല്യഗ്രന്ഥവും അടങ്ങുന്നതാണ് ആചാര്യപുരസ്‌ക്കാരം. ധർമ്മാനന്ദഗുരുവിന്റെ 26ാമത് സമാധി ദിനാഘോഷത്തോടനുബന്ധിച്ച് 22ന് ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമം ഭാരവാഹികൾ അറിയിച്ചു.