ചേർത്തല:വാരനാട് വ്യാപാര സ്ഥാപനത്തിൽ വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി പണം അപഹരിച്ച കേസിൽ 4 ഇറാൻ സ്വദേശികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ ചേർത്തല പൊലീസ് നാളെ ചേർത്തല കോടതിയിൽ നൽകും. ചൊവ്വാഴ്ച്ചയോടെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്‌സലൻ (23), മോഹ്‌സെൻ സെതാരഹ് (35) എന്നിവരെയാണ് കഴിഞ്ഞ 12ന് ചേർത്തല പൊലീസ് അറസ്റ്റു ചെയ്തത്.ഇവർ ജുഡീഷ്യൽ കസ്റ്റഡിയിൽ മാവേലിക്കര സബ് ജയിലിൽ കഴിയുകയാണ്.10ന് വൈകിട്ട് ചേർത്തല വാരനാട് ചെറുപുഷ്പം മെറ്റൽ ഏജൻസീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 34000 രൂപയാണ് വിദഗ്ദമായി ഇവർ തട്ടിയെടുത്തത്.
ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ശ്രീകുമാർ, എസ്.ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളുടെ യാത്രാ വിവരങ്ങൾ, ഫോൺ വിളികൾ തുടങ്ങിയവ പരിശോധിക്കുകയാണ്.കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതികളുമായി സംസാരിക്കാനായി ഭാഷാ വിദഗ്ദന്റെ സഹായവും തേടുന്നുണ്ട്. കേരള സർവകലാശാലയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായം ചോദിച്ചതായാണ് വിവരം.കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്.