ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നലെ പിൻവലിച്ചെങ്കിലും ആലപ്പുഴ ബീച്ചിൽ സന്ദർശകർക്കുള്ള വിലക്ക് തുടരും. ഇത്രയും നാളത്തെ 'വിശ്രമ'ത്തിനു ശേഷം ജനം ബീച്ചിലേക്ക് ഒഴുകുന്നത് രോഗവ്യാപനം വർദ്ധിപ്പിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് വിലക്ക് നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ആലപ്പുഴ, മാരാരി, തോട്ടപ്പള്ളി, വലിയഴീക്കൽ, അർത്തുങ്കൽ ബീച്ചുകളാണ് ജില്ലയിൽ സഞ്ചാരികളുടെ മനം കവരുന്നത്. ഉത്തരവാദിത്ത ടൂറിസമായി ബന്ധപ്പെട്ട് ഗ്രാമവാസികൾക്ക് ധാരാളം തൊഴിലവത്സരങ്ങൾ മാരാരി ബീച്ചിൽ ലഭ്യമായിരുന്നു. ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ ഒരാഴ്ചയായി താരതമ്യേന കുറവാണ്. നിരോധനാജ്ഞ നിലനിൽക്കെ, ദീപാവലി ദിവസവും ഇന്നലെയും ആലപ്പുഴ ബീച്ചിനു സമീപ പ്രദേശങ്ങളിലേക്ക് നിരവധി പേരെത്തിയിരുന്നു. ഇവരെ നിയന്ത്രിച്ച് തിരിച്ചയയ്ക്കാൻ പൊലീസും ലൈഫ് ഗാർഡുകളും ബുദ്ധിമുട്ടുകയാണ്.
ആലപ്പുഴ ബീച്ചിലേക്കുലുള്ള പ്രധാന കവാടം അടച്ചിട്ടുണ്ടെങ്കിലും വിജയ് പാർക്കിൽ നിന്ന് 100 മീറ്റർ അകലയാണ് ജനങ്ങൾ എത്തുന്നത്. ഞായറാഴ്ച ആയിരുന്നതിനാൽ ഇന്നലെ രാവിലെ മുതൽ കൈക്കുഞ്ഞുങ്ങളുമായുൾപ്പെടെ നിരവധിപേർ ബീച്ചിലെത്തി. കൊവിഡ് പ്രതിരോധ മാർഗങ്ങൾ പാലിക്കാതെ ആളുകൾ എത്തുന്നതു രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ വ്യക്തമാക്കി.
നിരാശ തുടരും
മാസങ്ങൾക്കു ശേഷം ആലപ്പുഴ ബീച്ച് സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ജനം. എന്നാൽ ജില്ല ഭാരണകൂടത്തിന്റെ പുതിയ നിർദ്ദേശത്തോടെ നിരാശയിലാണ് എല്ലാവരും. ബീച്ചിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ പലരും മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. അവധിദിവസങ്ങളിൽ പൊരിക്കടകൾക്ക് നല്ല വരുമാനം ലഭിച്ചിരുന്നു. മാസങ്ങളായി തൊഴിൽ നഷ്ടപ്പെട്ട് പല കുടുംബങ്ങളും ദുരിതത്തിലാണ്.
..........................
ജില്ലയിലെ നിരോധനാജ്ഞ പിൻവലിച്ചെങ്കിലും ആലപ്പുഴ ബീച്ചിലേക്ക് തത്കാലം പ്രവേശന അനുമതിയില്ല. കൊവിഡ് വ്യാപനത്തിന്റെ സ്ഥിതി നിരീക്ഷിച്ച് തുടർ ദിവസങ്ങളിൽ തീരുമാനം എടുക്കും
(എ.അലക്സാണ്ടർ, കളക്ടർ)
..........
ജില്ലാഭരണകൂടത്തിന്റെ അനുമതി ലഭ്യമായാൽ മാത്രമേ ബീച്ച് ടൂറിസം ആരംഭിക്കുകയുള്ളൂ. ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻതൂക്കം.
(എം.മാലിൻ,ഡി.ടി.പി.സി ഡയറക്ടർ)