t

ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്ത് മുന്നണികളുടെ 'മനസിലിരിപ്പ് ' പുറത്തുവരുന്നത് പ്രകടന പത്രികകളിലൂടെയാണ്. ജില്ലയിൽ ചില ഗ്രാമപഞ്ചായത്തുകളിൽ എൻ.ഡി.എ പ്രകടപത്രിക ഇറക്കിക്കഴിഞ്ഞു.ജില്ലാ പഞ്ചായത്തിൽ എൻ.ഡി.എ, യു.ഡി.എഫ് മുന്നണികളിൽ സീറ്റ് വിഭജനം ഇനിയും പൂർത്തിയായിട്ടില്ലാത്തതാണ് പ്രകടന പത്രിക ഇറക്കാനുള്ള തടസം. ഇക്കാര്യത്തിൽ ഇടതു മുന്നണിക്ക് ഒരുപടി മുന്നിലെത്താൻ കഴിഞ്ഞിട്ടുമുണ്ട്.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രാദേശികമായി പറയാൻ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് ചില്ലറ കാര്യങ്ങളുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ കൂടുതലും ഉയർത്തിക്കാട്ടുന്നത് ഇത്തരം വിഷയങ്ങളാവും. രാഷ്ട്രീയത്തിനതീതമായ ഒരു മാനം ഗ്രാമപഞ്ചയത്തുതലത്തിൽ ഭരണസമിതികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കാണും.അതിന്റെ മാറ്റുരയ്ക്കലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അടുപ്പങ്ങളുമെല്ലാം സ്ഥാനാർത്ഥികളുടെ വിജയത്തിന്റെ അളവുകോലാവും. എന്നാൽ ജില്ലാ പഞ്ചായത്തിലേക്കും നഗരസഭകളിലേക്കും എത്തുമ്പോൾ, വ്യക്തമായ രാഷ്ട്രീയ അടിത്തറയിൽ നിന്നുള്ള അവകാശവാദങ്ങളും ആരോപണ -പ്രത്യാരോപണങ്ങളുമാവും ഉയർന്നുവരുന്നത്. പ്രകടന പത്രികയുടെ ആണിക്കല്ലും ഇതിനെ ആസ്പദമാക്കിയാണ് രൂപപ്പെടുക.

പ്രകടന പത്രിക കൈയിൽ കിട്ടിയാൽ വലയുന്നതാവട്ടെ പാവം വോട്ടർമാർ. എന്ത് വിശ്വസിക്കണം, എന്ത് അവിശ്വസിക്കണം എന്ന് ആശയക്കുഴപ്പമുണ്ടാക്കും വിധമായിരിക്കും പത്രികയിലെ കാര്യങ്ങൾ. ആലപ്പുഴ നഗരസഭയിൽ ഇടതു മുന്നണി അത്യധികം ആവേശത്തോടെയാണ് പ്രകടന പത്രിക പ്രകാശനം സംഘടിപ്പിക്കുന്നത്. മന്ത്രി ജി.സുധാകരൻ പത്രിക പ്രകാശനം ചെയ്യും.

ജില്ലാ പഞ്ചായത്തിൽ പ്രചാരണത്തിന് ഉപയോഗിക്കേണ്ട രാഷ്ട്രീയ ആയുധങ്ങൾ എന്തെല്ലാമെന്ന് മൂന്ന് മുന്നണികളുടെയും ജില്ലാ നേതൃത്വങ്ങൾക്ക് വ്യക്തമായ നിർദ്ദേശം ലഭിക്കും.ഉത്സവനാളുകളിലും കൊവിഡ് ദുരിതകാലത്തും സർക്കാർ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യധാന്യക്കിറ്ര് വോട്ടർമാർക്കിടയിൽ തുറുപ്പു ചീട്ടാവുമെന്നാണ് ഇടതു മുന്നണി നേതാക്കളുടെ വിശ്വാസം.കൊവിഡ് പ്രതിരോധത്തിൽ സർക്കാർ സ്വീകരിച്ച ഉറച്ച നിലപാടുകളും ആരോഗ്യവകുപ്പ് നടത്തിയ സ്തുത്യർഹ സേവനങ്ങളും അക്കമിട്ട് നിരത്തും.എല്ലാ ഭാഗത്തും റോഡുകൾ മുഖം മിനുക്കിനിൽക്കുന്നത് പൊതുജനത്തെ സ്വാധീനിക്കാവുന്ന മറ്റൊരു വലിയ നേട്ടമായി ഇടതുമുന്നണി എടുത്തു കാട്ടുന്നു. കിഫ്ബി വഴി എല്ലാ നിയോജക മണ്ഡലങ്ങളിലും നടപ്പാക്കുന്ന വികസന പദ്ധതികളുടെ പട്ടികയും ഇടതുപക്ഷത്തിന്റെ ആവേശം കൂട്ടുന്നതാണ്.

 പഴുതുകൾ പിടിവള്ളി

'കറ്റകെട്ടാൻ വള്ളിയാവുന്നതും നെല്ലുതന്നെ' എന്ന ചൊല്ലുപോലെയാണ് യു.ഡി.എഫിന്റെ പ്രചാരണം. ഇടതുപക്ഷം നേട്ടമായി കൊട്ടിഘോഷിക്കുന്ന കാര്യങ്ങളിലെ പഴുതുകൾ കണ്ടെത്തി ആക്രമണം നടത്താനാണ് യു.ഡി.എഫ് ശ്രമം. കാർഷിക മേഖലയുടെ തകർച്ചയും വികസന മുരടിപ്പുമാവും അവർ മുഖ്യആയുധമാക്കുക. കുട്ടനാട്ടിലെ നെല്ലുസംഭരണത്തിൽ വന്ന താമസവും മില്ലുകാരുടെ കൊള്ളയും യു.ഡി.എഫിന് പിടിവള്ളിയാണ്. കിഫ്ബിയെക്കുറിച്ച് കഴിഞ്ഞ ദിവസമുണ്ടായ വിവാദങ്ങൾ മറ്റൊരായുധമാണ്. എല്ലാം പൊള്ളയാണെന്ന പ്രതിപക്ഷ നേതാവിന്റെ തുടർച്ചയായ പ്രസ്താവനകളുടെ ചുവടുപിടിച്ച് കയറാനാവും അവരുടെ നീക്കം. സൗജന്യകിറ്റ് വിതരണത്തെക്കുറിച്ച് പറയുമ്പോൾ, റേഷൻ കടകൾ വഴിയുള്ള വിതരണത്തിലുണ്ടായ പാളിച്ചകൾ ചൂണ്ടിക്കാട്ടുമെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു. സ്വർണ്ണക്കടത്തും ബിനീഷ് വിഷയവുമെല്ലാം സംസ്ഥാന തലത്തിൽ വലിയ ചർച്ചയാവുന്നുണ്ടെങ്കിലും ജില്ലാ പഞ്ചായത്തിലേക്ക് അതിന്റെ വലിയ അലയൊലി എത്താനിടയില്ല.

 തലങ്ങും വിലങ്ങും

സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ തുറന്നു കാട്ടിയുള്ള പ്രചാരണത്തിനാണ് എൻ.ഡി.എ തയ്യാറെടുക്കുന്നത്. പ്രാദേശികമായി ഉയർന്നുവന്നിട്ടുള്ള ജനകീയ പ്രശ്നങ്ങൾ ഗ്രാമ- ബ്ളോക്ക് പഞ്ചായത്തുതലത്തിൽ ഉയർത്തിക്കാട്ടുമെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. എന്നാൽ ജില്ലാ പഞ്ചായത്തിൽ സംസ്ഥാനത്തെ മൊത്തത്തിലുള്ള രാഷ്ട്രീയ അന്തരീക്ഷം അടിസ്ഥാനമാക്കിയുള്ള പ്രചാരവേലകളാവും അവർ സംഘടിപ്പിക്കുക. കേന്ദ്ര സർക്കാർ കൈയയച്ചു സഹായിച്ചിട്ടും അതൊന്നും വേണ്ടതരത്തിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്ന പ്രചാരണവും എൻ.ഡി.എയുടെ മുഖ്യ ആയുധമാവും. ആലപ്പുഴ ബൈപാസ് പൂർത്തീകരണത്തിന്റെ ക്രെഡിറ്റും തീരദേശ റെയിൽപാതയുടെ വികസനവും പ്രചാരണത്തിൽ ഉപയോഗിക്കുമെന്നുറപ്പ്.