മണ്ഡലകാലത്തിൽ പ്രതീക്ഷയർപ്പിച്ച് പൂജാദ്രവ്യ കച്ചവടക്കാർ
ആലപ്പുഴ : വ്രതശുദ്ധിയുടെ പുണ്യവുമായി ഒരു മണ്ഡലകാലം കൂടിയെത്തിയതോടെ പൂജാസാധന വിൽപ്പനശാലകളിൽ പ്രതീക്ഷയുടെ തിരിനാളമുയരുന്നു. കൊവിഡിനെത്തുടർന്ന് ആരാധനാലയങ്ങൾ അടഞ്ഞു കിടന്നതും പിന്നീട് ദർശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ പൂജാസാധനങ്ങൾ വിൽക്കുന്ന കടകളിൽ പേരിനു പോലും കച്ചവടമില്ലായിരുന്നു.
കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനത്തിനും നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ചെറിയ രീതിയിലെങ്കിലും കച്ചവടം നടക്കുമെന്ന് കടക്കാർ പ്രതീക്ഷിക്കുന്നു. ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ഒരു കെട്ടിലേക്ക് ശരാശരി 400 രൂപയുടെ പൂജാ സാധനങ്ങൾ ആവശ്യമാണ്. മണ്ഡല കാലത്തോടനുബന്ധിച്ചു കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക പൂജകളും വിശേഷാൽ ദീപാരാധനയും ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും നടക്കും. ഇരുമുടിക്കെട്ട് നിറയ്ക്കാനും വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വൃശ്ചികം ആരംഭിച്ചെങ്കിലും അടുത്ത ആഴ്ചമുതലേ കച്ചവടത്തിന്റെ സ്ഥിതി മനസിലാക്കാൻ കഴിയുകയുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്.
കെട്ടുനിറയ്ക്ക് ഒരുങ്ങി
മണ്ഡലകാലം മുന്നിൽ കണ്ട് അയ്യപ്പന്മാർക്ക് വേണ്ടതെല്ലാം പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിൽ നിരന്നിട്ടുണ്ട്. അവൽ, നെയ്യ്, വിളക്കുതിരി, എണ്ണ, കളഭം, ചന്ദനം, ഉണക്കലരി, മഞ്ഞൾപ്പൊടി, നാളികേരം, പനിനീർ, ഭസ്മം തുടങ്ങി കെട്ടുനിറയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും വിൽപ്പനക്കായി എത്തിച്ചു. അയ്യപ്പൻമാർക്ക് അണിയുന്നതിന് വ്യത്യസ്ത തരം മാലകളും വിപണിയിലുണ്ട്. 50 രൂപ മുതൽ 200 രൂപ വരെയാണു മാലകൾക്കു വില. പൂജാ സാധനങ്ങൾ കൂടാതെ തോൾ സഞ്ചി, കറുത്ത മുണ്ട്, തീർത്ഥാടക വാഹനങ്ങളിലും മറ്റും വയ്ക്കുന്നതിനുള്ള ഫോട്ടോകൾ, സ്റ്റിക്കറുകൾ എന്നിവയുമൊക്കെ കടകളിൽ തയ്യാറാണ്.
നല്ലതു പ്രതീക്ഷിച്ച് നാളികേരവും
മുമ്പൊക്കെ നാളികേര വിൽപ്പനക്കാർക്ക് അധിക വരുമാന കാലമായിരുന്നു മണ്ഡലകാലം. നെയ്യ് നിറയ്ക്കാനും സന്നിധാനത്ത് അടിയ്ക്കാനുമൊക്കൊയി കുറഞ്ഞത് അഞ്ച് തേങ്ങയെങ്കിലും ഒരു കെട്ടിൽ വേണ്ടിവരും. മുൻകാലങ്ങളിൽ ശബരിമല സീസണിൽ ഒരു ദിവസം 2000 ത്തിന് മുകളിൽ നാളികേരം വിറ്റ് പോയിരുന്നതായി മൊത്തക്കച്ചവടക്കാർ പറയുന്നു. സീസണിൽ മാത്രം കച്ചവടം നടത്തുന്നവരും അന്ന് സജീവമായിരുന്നു. ഇത്തവണ മണ്ഡലകാലം മുന്നിൽ കണ്ട് ആരും കച്ചവടത്തിനെത്തിയിട്ടില്ല.
'' ലോക്ക് ഡൗൺ കാലം മുതൽ കച്ചവടം കുറവാണ്.മണ്ഡലകാലം മുന്നിൽ കണ്ട് അയ്യപ്പന്മാർക്ക് വേണ്ടതെല്ലാം കടയിൽ എത്തിച്ചിട്ടുണ്ട്.
(ശശി,പൂജാസാധന കച്ചവടക്കാരൻ,മുല്ലക്കൽ)