പഞ്ചായത്ത് ഡിസ്പൻസറികളിൽ പരിശോധനകളില്ല
ആലപ്പുഴ: പഞ്ചായത്ത് തലത്തിലുള്ള വെറ്ററിനറി ഡിസ്പൻസറികളിൽ സാംക്രമിക രോഗ പരിശോധനകൾ നടത്താൻ സർജൻമാർ മുൻകൈ എടുക്കാത്തതിനാൽ ജില്ലാ ലാബിലേക്ക് അയയ്ക്കേണ്ടിവരുന്ന സാമ്പിളുകളുടെ പരിശോധനാഫലം വൈകുന്നു. മാസം 500 മുതൽ 800 വരെ സാമ്പിളുകളാണ് ജില്ലാ ലാബിൽ പരിശോധിക്കേണ്ടി വരുന്നത്. നാലു ദിവസം വരെ ഫലം വൈകുന്നു എന്നതിനൊപ്പം കർഷകർക്ക് ജില്ലാ ലാബിലെത്താനുള്ള യാത്രാബുദ്ധിമുട്ടും വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
രോഗനിർണയം നടത്താനുള്ള ഉപകരണങ്ങൾ പഞ്ചായത്ത് ഡിസ്‌പൻസറികളിൽ ഉണ്ടെങ്കിലും പരിശോധന നടക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. പരിശോധന നടത്താൻ പരിശീലനം ലഭിച്ച വെറ്ററിനറി സർജൻമാർ ചെറിയ കാര്യത്തിന് പോലും കർഷകരെ ജില്ലാ ലാബിലേക്ക് അയയ്ക്കുകയാണ്. കായംകുളം മുതൽ അരൂർ വരെയുള്ളവർ കിലോമീറ്ററുകൾ യാത്ര ചെയ്താണ് സാമ്പിളുകളുമായി ആലപ്പുഴയിൽ എത്തുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും രക്തം, മലം, മൂത്രം, ഉമിനീർ, ആന്തരികാവയവങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ജില്ലാ ലാബിലും ലാബ് ടെക്‌നിഷ്യന്റെ കുറവ് പ്രവർത്തനത്തെ ബാധിക്കുന്നു. രണ്ട് ഷിഫ്റ്റ് ഡ്യൂട്ടി ഇപ്പോൾ ഒരു ഡ്യൂട്ടിയായി കുറഞ്ഞതോടെ ജില്ലാ ലാബിൽ വൈകിട്ട് മൂന്ന് മണി കഴിഞ്ഞാൽ അടിയന്തര ഘട്ടത്തിൽ പോലും പരിശോധന നടത്താൻ ലാബ്‌ടെക്‌നിഷ്യൻ ഇല്ല. മൃഗങ്ങളുടെ പോസ്റ്റുമോർട്ടം ഉൾപ്പെടെ നടത്താൻ കഴിയുന്ന സംവിധാനമുള്ള ബയോകെമിസ്ട്രി ലാബാണ് ജില്ലാ മൃഗാശുപത്രിയിൽ പ്രവർത്തിക്കുന്നത്. ആധുനിക സംവിധാനത്തോടെയുള്ള ലാബും ഓപ്പറേഷൻ തീയേറ്ററും ഇവിടെയുണ്ട്.
ജില്ലാ ലാബിന് പുറമേ ചെങ്ങന്നൂർ, മാവേലിക്കര,കായംകുളം,ഹരിപ്പാട്,ചേർത്തല, മങ്കൊമ്പ് എന്നിവിടങ്ങളിലായി ആറ് പോളിക്ളിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലും ലാബ് ടെക്‌നിഷ്യന്മാർ ഉണ്ടെങ്കിലും സാമ്പിളുകളുടെ പരിശോധന കൃത്യമായി നടക്കാറില്ല. ഹരിപ്പാട്ടെ ടെക്നിഷ്യൻ സ്ഥലംമാറി പോയെങ്കിലും മൂന്നുമാസമായിട്ടും പകരം ആളെത്തിയില്ല. ചേർത്തലയിൽ ലാബ് ടെക്‌നിഷ്യൻ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ചെങ്ങന്നൂരിലും ഇതുതന്നെ സ്ഥിതി. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജില്ലയിൽ 78 ആശുപത്രികളും 45ൽ അധികം സബ് സെന്ററുകളുമാണുള്ളത്.
മെഷീൻ മാത്രം
എക്സ് റേ യൂണിറ്റ് ഉള്ളിടത്ത് നിയമനം നടത്താതെ യൂണിറ്റ് ഇല്ലാത്തിടത്ത് ജീവനക്കാരെ നിയമിക്കുന്നുവെന്ന് പരാതിയുണ്ട്. ജില്ലാ ലാബിൽ എക്സ്റേ യൂണിറ്റ് അനുവദിച്ചെങ്കിലും പരിശീലനം ലഭിച്ച ജീവനക്കാരെ നിയമിക്കാതെ യൂണിറ്റ് ഇല്ലാത്ത ചേർത്തല പോളിക്ളിനിക്കിൽ തസ്തിക അനുവദിച്ചത് വിരോധാഭാസമായി.
പ്രാദേശിക ആശുപത്രികളിൽ ഉപകരണങ്ങൾ ഉണ്ടെങ്കിലും പരിശോധന നടത്താൻ യോഗ്യതയുള്ള ജീവനക്കാരെ നിയമിക്കണം. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾക്ക് പോകേണ്ടിവരുന്നതും പരിശോധനയ്ക്ക് തടസമാകുന്നു
വെറ്ററിനറി സർജൻമാർ
പ്രാദേശിക ആശുപത്രികളിൽ പരിശോധനകൾ നടത്താതെ ജില്ലാ ലാബിലേക്ക് വിടുന്നത് കർഷകർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. പരിശോധന സംവിധാനം പഞ്ചായത്തു തല ആശുപത്രികളിൽ ഏർപ്പെടുത്തണം
ജയലാൽ, ക്ഷീരകർഷകൻ, പുറക്കാട്