ചേർത്തല: നഗരസഭയിൽ കോൺഗ്രസിലെ തർക്കങ്ങൾ മൂലം 30,32 വാർഡുകളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കഴിയുന്നില്ല. വിഷയം ജില്ലാ നേതൃത്വത്തിന്റെ പരിഗണനയിലാണ്.
എ,ഐ ഗ്രൂപ്പുകൾ തമ്മിലും ഗ്രൂപ്പുകൾക്കുള്ളിലെ വിഭാഗങ്ങൾ തമ്മിലുമുള്ള തർക്കങ്ങളാണ് സ്ഥാനാർത്ഥി നിർണയം സങ്കീർണമാക്കിയത്. മത്സരിക്കാൻ തയ്യാറായി നിൽക്കുന്നവർക്കു വേണ്ടി എം.എൽ.എ മാരും എം.പി മാരും മുതിർന്ന സംസ്ഥാന നേതാക്കളും ഉൾപ്പെടെ രംഗത്തെത്തിയതോടെ തർക്കം പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലായി. ജില്ലാ നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും ഇന്ന് എല്ലാവർക്കും സ്വീകാര്യമാകുന്ന തീരുമാനത്തിലെത്തുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.രണ്ടു വാർഡുകളിലും മൂന്നു പേർവീതമാണ് പരിഗണനയിലുള്ളത്.
സ്ഥാനാർഥി പ്രഖ്യാപനവും വാർഡുതല കൺവെൻഷനുകളും പൂർത്തിയാക്കി ഇടതു സ്ഥാനാർത്ഥികൾ ആദ്യ ഘട്ട പ്രചാരണം പിന്നിടുമ്പോഴും കോൺഗ്രസിന് പലയിടങ്ങളിലും പ്രചാരണം തുടങ്ങാനാകാത്തത് തിരിച്ചടിയായിട്ടുണ്ട്.35 അംഗ കൗൺസിലിൽ കോൺഗ്രസ് 31 വാർഡുകളിലാണ് മത്സരിക്കുന്നത്.കേരള കോൺഗ്രസ് ജോസഫ് വിഭാഗം,ആർ.എസ്.പി, ജനതാദൾ, സി.എം.പി എന്നീ ഘടക കക്ഷികൾക്ക് ഓരോസീറ്റ് നൽകിയിട്ടുണ്ട്.