ആലപ്പുഴ: സമൂഹത്തിലെ അടിസ്ഥാന ജനസമൂഹത്തിന്റെ ഉന്നമനത്തിനായി ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ കോടതിക്കകത്തും പുറത്തും നൽകിയ സംഭാവനകൾ വിസ്മരിക്കാൻ കഴിയില്ലെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എ.ബദറുദ്ദീൻ പറഞ്ഞു. സാമൂഹ്യനീതിവകുപ്പ് , ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെയും നേതൃത്വത്തിൽ ജില്ലയിൽ പ്രൊബേഷൻ വാരാചരണത്തിന് തുടക്കം കുറിച്ച് ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സാമൂഹ്യ നീതി ഓഫീസർ എൻ.പി.പ്രമോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി സബ് ജഡ്ജ് കെ.ജി.ഉണ്ണിക്കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷൻ ഓഫീസർ എസ്.ഷാജഹാൻ, ഗുരു നിത്യ ചൈതന്യയതി കോളേജ് ഒഫ് ലാ ആൻഡ് റിസർച്ച് സെന്റർ കായംകുളം പ്രിൻസിപ്പൽ ഡോ. ഇ.നസറുദ്ദീൻ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല തുറവൂർ പ്രാദേശിക കേന്ദ്രം എം.എസ്.ഡബ്ല്യു വിഭാഗം ഇൻ ചാർജ് ഡോ. ഷീലമ്മ, സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ ഓഫീസർ കെ.കെ.സുബൈ എന്നിവർ സംസാരിച്ചു.