ചേർത്തല: കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഗൃഹനാഥനും മക്കൾക്കും വെട്ടേറ്റു. വയലാർ ഒളതല പള്ളിത്തറയിൽ മോഹനൻ (62),മക്കളായ നിഷ (34),നീതു (29) എന്നിവരാണ് പരിക്കേറ്റ് ചേർത്തല ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
നീതുവിന്റെ ഭർത്താവ് അമൽ ആണ് ആക്രമം നടത്തിയത്. ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇന്നലെ ഇയാൾ ഭാര്യവീട്ടിൽ എത്തി വീട്ടുകാരുമായി തർക്കത്തിലായി.തുടർന്ന് പിച്ചാത്തി ഉപയോഗിച്ച് മോഹനന്റെ തലയ്ക്ക് വെട്ടുകയായിരുന്നെന്നും തടയാൻ ശ്രമിക്കുന്നതിനിടെയാണ് മക്കൾക്ക് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു. നീതുവിന്റെ മുഖത്താണ് പരിക്ക്.മോഹനന്റെ ഭാര്യ രേവമ്മയ്ക്ക് (55) ആക്രമണം നടക്കുന്നതിനിടെ നിലത്ത് വീണു പരിക്കേറ്റു. സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഇടുക്കി സ്വദേശിയായ അമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.